രാജാവിനോടുള്ള വിശ്വസ്തത പുതുക്കി ഷിഫ അല്‍ ജസീറ ജീവനക്കാര്‍
text_fieldsഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങില്‍ നിന്ന്
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയോടുള്ള വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ച് ഷിഫ അല്‍ ജസീറ ഹോസ്പിറ്റലും മെഡിക്കല്‍ സെന്ററും വിശ്വസ്തതാ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരിയായ രാജാവിനോടും രാജ്യത്തോടുമുള്ള അചഞ്ചലമായ വിശ്വാസവും കൂറും പിന്തുണയും ആശുപത്രി ജീവനക്കാര്‍ ചടങ്ങില്‍ ആവര്‍ത്തിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്ത് വിശ്വസ്തതാ ലെഡ്ജറില്‍ ഒപ്പുവെച്ചു.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സിയാദ് ഉമറും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബും സ്മാരക പ്രതിജ്ഞാ ബോര്‍ഡില്‍ ആദ്യമായി ഒപ്പുവെച്ചുകൊണ്ട് ചടങ്ങിന് നേതൃത്വം നല്‍കി. സ്ഥാപനത്തിന്റെ ഐക്യവും രാജ്യത്തോടുള്ള പ്രതിബദ്ധതയും ആദരവും പ്രതിഫലിപ്പിക്കുന്ന ബോര്‍ഡ് ദേശീയ ആര്‍ക്കൈവിലേക്ക് സൂക്ഷിക്കുന്നതിനായി കൈമാറി.
രാജ്യവ്യാപകമായി നടക്കുന്ന വിശ്വസ്തതയും കൂറും പുതുക്കുന്ന ദേശീയ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഷിഫ അല്‍ ജസീറ മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സുരക്ഷയും സ്ഥിരതയും അനിവാര്യമാണെന്നും രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം ചടങ്ങുകളെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ചടങ്ങിന്റെ സമാപനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്കും ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്നു. അവരുടെ വിവേകപൂര്‍ണമായ നേതൃത്വത്തില്‍ ബഹ്റൈന്‍ സുരക്ഷയുടെയും പുരോഗതിയുടെയും പാതയില്‍ തുടര്‍ന്നും മുന്നേറട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

