ലൈസൻസില്ലാതെ പ്രവർത്തനം; ബഹ്റൈനിൽ മൂന്ന് ട്രാവൽ ഏജൻസികൾ അടപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ അധികൃതർ അടപ്പിച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിക്ക് കീഴിലുള്ള ടൂറിസം ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കൃത്യമായ ലൈസൻസോ ബി.ടി.ഇ.എയുടെ അനുമതിപത്രങ്ങളോ ഇല്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ടൂറിസം നിയമങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഈ ഓഫിസുകൾ ഉടനടി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു. ഇവക്കെതിരെയുള്ള കൂടുതൽ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ ടൂറിസം മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാനും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാനുമാണ് ഇത്തരം പരിശോധനകൾ കർശനമാക്കുന്നത്.
അംഗീകൃതവും വിശ്വസനീയവുമായ ട്രാവൽ ഏജൻസികളുമായി മാത്രമേ പൊതുജനങ്ങൾ ഇടപാടുകൾ നടത്താവൂ എന്ന് ടൂറിസം അതോറിറ്റി അഭ്യർഥിച്ചു. ലൈസൻസില്ലാത്ത സ്ഥാപനങ്ങളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും യാത്രകൾ പ്ലാൻ ചെയ്യുന്നതും വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും നിയമക്കുരുക്കുകൾക്കും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമങ്ങൾ പാലിച്ച് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് ശക്തമായ നടപടികൾ തുടരുമെന്ന് ബി.ടി.ഇ.എ അറിയിച്ചു. ലൈസൻസുള്ള ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ബി.ടി.ഇ.എയുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കാവുന്നതാണ്. നേരത്തെ അനധികൃത ട്രാവൽസ് വഴി കബളിപ്പിക്കപ്പെട്ട പ്രവാസികളെ കുറിച്ച് ഗൾഫ് മാധ്യമം വാർത്ത ചെയ്തിരുന്നു. സമാനമായോ അല്ലെങ്കിൽ മറ്റ് തരത്തിലോ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

