കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് വിദേശി പൗരന്മാർക്ക് തടവും പിഴയും
text_fieldsപ്രതീകാത്മക ചിത്രം
xമനാമ: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് വിദേശി പൗരന്മാർക്ക് ബഹ്റൈനിലെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ച് മുതൽ ഒമ്പത് വർഷം വരെ തടവുശിക്ഷ വിധിച്ചു. ഓരോ പ്രതിക്കും 100,000 ബഹ്റൈൻ ദീനാർ (ഏകദേശം 2.2 കോടി രൂപ) പിഴയും ചുമത്തി. കൂടാതെ, ആദ്യ പ്രതിയിൽനിന്ന് 83,710.939 ദീനാറും രണ്ടും മൂന്നും പ്രതികളിൽനിന്ന് 444,290.800 ദീനാറും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട കോർപറേറ്റ് സ്ഥാപനത്തിന് 100,000 ദീനാർ പിഴയും 444,290.800 ദീനാർ അല്ലെങ്കിൽ തത്തുല്യമായ ആസ്തികൾ കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. തടവുശിക്ഷ പൂർത്തിയാക്കിയശേഷം മൂന്ന് പ്രതികളെയും ബഹ്റൈനിൽനിന്ന് നാടുകടത്തും.
ബഹ്റൈനിൽ ലൈസൻസില്ലാത്ത ഒരു കമ്പനിയിൽ ഡിജിറ്റൽ കറൻസികളിലും ഓഹരികളിലും നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വഞ്ചിക്കപ്പെട്ടതായി നിരവധി പേരിൽനിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫ് ഫിനാൻഷ്യൽ ആൻഡ് മണി ലോണ്ടറിങ് ക്രൈംസ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിനിരയായവർ വലിയ തുകകൾ കൈമാറിയ ശേഷമാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. നാഷനൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇന്റലിജൻസിലെ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതികൾ തട്ടിയെടുത്ത പണം വിദേശത്തേക്ക് മാറ്റിയതായി കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും പ്രതികളിൽ ഒരാളെ ചോദ്യം ചെയ്യുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്ത ശേഷം വിചാരണ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. തുടർന്ന്, കേസ് ക്രിമിനൽ കോടതിക്ക് കൈമാറുകയും വിധി പ്രഖ്യാപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

