മൂന്നുദിവസത്തെ ശമ്പളത്തോടുകൂടിയ പിതൃത്വ അവധി; പാർലമെന്റ് നീക്കം പുനഃപരിശോധിക്കണം -സർക്കാർ
text_fieldsമനാമ: കുഞ്ഞ് ജനിക്കുമ്പോൾ സ്വകാര്യമേഖലയിലെ പുരുഷ ജീവനക്കാർക്ക് നിലവിലെ ഒരു ദിവസത്തെ പിതൃത്വ അവധി മൂന്ന് ദിവസമായി നീട്ടാനുള്ള പാർലമെന്റിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് ബഹ്റൈൻ സർക്കാർ ആവശ്യപ്പെട്ടു. നിയമപരമായ അനിവാര്യതയുടെ കുറവ്, പ്രവർത്തനപരമായ വെല്ലുവിളികൾ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളിലും സുപ്രധാന മേഖലകളിലുമുള്ള തൊഴിലുടമകൾക്ക് ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് കാബിനറ്റ് ഈ ഭേദഗതിയെക്കുറിച്ച് പുനരാലോചിക്കാൻ നിയമനിർമാതാക്കളോട് ആവശ്യപ്പെട്ടത്.
2012ലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 63 പ്രകാരം, പുരുഷ തൊഴിലാളിക്ക് കുഞ്ഞ് ജനിക്കുമ്പോൾ ഒരുദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് മാത്രമാണ് അർഹതയുള്ളത്. എന്നാൽ, കുഞ്ഞ് ജനിച്ചതിനുശേഷമുള്ള ആദ്യ ദിവസങ്ങളിൽ അമ്മക്ക് വൈകാരികവും പ്രായോഗികപരവുമായ പിന്തുണ നൽകുന്നതിൽ പിതാവിന് സുപ്രധാന പങ്കുണ്ടെന്നും ഗൃഹനാഥൻ എന്ന നിലയിൽ കുട്ടിയുടെ രജിസ്ട്രേഷൻ പോലുള്ള അത്യാവശ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അവധി മൂന്ന് ദിവസമായി ഉയർത്താൻ പാർലമെന്റ് നിർദേശിച്ചത്.
നിലവിലെ നിയമത്തിൽ ഈ മാറ്റം അനിവാര്യമാക്കുന്ന നിയമപരമോ നിയന്ത്രണപരമോ ആയ പോരായ്മകളില്ലെന്ന് സർക്കാർ മെമ്മോറാണ്ടം വാദിക്കുന്നു. വാർഷിക അവധി, മാതൃത്വ അവധി, അത്യാവശ്യ ഭരണപരമായ ആവശ്യങ്ങൾക്കായുള്ള ഒരു ദിവസത്തെ പിതൃത്വ അവധി എന്നിവ ഉൾപ്പെടുന്ന നിലവിലെ നിയമ ചട്ടക്കൂട്, തൊഴിൽ ആവശ്യകതകളും കുടുംബപരമായ കടമകളും തമ്മിൽ ന്യായമായ സന്തുലിതാവസ്ഥ പാലിക്കുന്നുണ്ടെന്ന് സർക്കാർ അഭിപ്രായപ്പെട്ടു.
ആരോഗ്യസംരക്ഷണം, ഗതാഗതം, സുരക്ഷ, ഉൽപാദനം തുടങ്ങിയ സുപ്രധാന മേഖലകളിലെ ഷിഫ്റ്റ് അടിസ്ഥാനമാക്കിയുള്ള ജോലി സാഹചര്യങ്ങളിൽ, ആസൂത്രണം ചെയ്യാത്ത അവധികൾ ഷെഡ്യൂൾ അസന്തുലിതാവസ്ഥ, ഉൽപാദനക്ഷമത കുറയൽ, ഓവർടൈം അല്ലെങ്കിൽ പകരം തൊഴിലാളികളെ വെക്കുന്നതിനുള്ള ഉയർന്ന ചെലവ് തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കുകയും അത് ഉപഭോക്തൃ അതൃപ്തിക്കും കാരണമാവുകയും ചെയ്യും.
നിയമം ഒരു കക്ഷിക്ക് അമിതമായ മുൻഗണന നൽകുന്നത് സാമ്പത്തിക സുസ്ഥിരതയെയും മത്സരശേഷിയെയും ദുർബലപ്പെടുത്തുമെന്നും തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളിലെ ആനുപാതിക തത്ത്വത്തെ ലംഘിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിലെ സംവിധാനത്തിൽ പോരായ്മകളുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ വിവരങ്ങളുടെ അഭാവത്തിൽ, ഈ നിർദിഷ്ട ഭേദഗതി സദുദ്ദേശ്യപരമാണെങ്കിലും അനാവശ്യമാണെന്ന് സർക്കാർ വിലയിരുത്തുന്നു. വിശദമായ നിരീക്ഷണങ്ങൾ പരിഗണിച്ച് കരട് നിയമം പുനഃപരിശോധിക്കുമെന്ന് സർക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

