ഈ വർഷവും 25,000 സ്വദേശികൾക്ക് തൊഴിൽ നൽകും
text_fieldsമനാമ: 2026ൽ 25,000 ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ നൽകുമെന്ന് കിരീടാവകാശി സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിൽ രാജ്യത്തെ തൊഴിൽ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും വിലയിരുത്തി.
രജിസ്റ്റർ ചെയ്ത ഓരോ ഉദ്യോഗാർഥിക്കും 2025 അവസാനിക്കുന്നതിന് മുമ്പ് മൂന്ന് തൊഴിലവസരങ്ങൾ വീതം വാഗ്ദാനം ചെയ്യണമെന്ന കിരീടാവകാശിയുടെ നിർദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് കാബിനറ്റ് ചർച്ച ചെയ്തു. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞവർഷം തൊഴിൽ വിപണിയിൽ മികച്ച പ്രകടനമാണ് രാജ്യം കാഴ്ചവെച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 26,963 ബഹ്റൈനികൾക്ക് ജോലി ലഭിച്ചു.
ഇത് നിശ്ചയിച്ചിരുന്ന വാർഷിക ലക്ഷ്യത്തിന്റെ 108 ശതമാനമാണ്. ആദ്യമായി തൊഴിൽ വിപണിയിലെത്തിയ 9,149 സ്വദേശികൾക്കും നിയമനം ലഭിച്ചു. 15,000 ബഹ്റൈനികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകാനും കഴിഞ്ഞെന്ന് യോഗത്തിൽ വിലയിരുത്തി.
2026ൽ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ തൊഴിൽ മന്ത്രാലയത്തിന് മന്ത്രിസഭ നിർദേശം നൽകി. ഈ വർഷം 25,000 ബഹ്റൈനികൾക്ക് തൊഴിൽ ഉറപ്പാക്കും. ഇതിൽ 10,000 പേർ പുതുതായി തൊഴിൽ വിപണിയിലേക്ക് വരുന്നവരായിരിക്കണം.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് മൂന്ന് തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതി വഴി ഇതുവരെ 5,078 പൗരന്മാർക്ക് ജോലി ലഭിച്ചതായും യോഗം വിലയിരുത്തി. 15,000 ബഹ്റൈനികൾക്ക് തൊഴിൽ പരിശീലനം നൽകാനും പുതിയ ലക്ഷ്യങ്ങളിൽ ഉൾക്കൊള്ളുന്നുവെന്ന് മന്ത്രിസഭായോഗത്തിൽ കിരീടാവകാശി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

