രോഗിയുടെ അക്കൗണ്ടിൽനിന്ന് മോഷണം; 25,750 ബഹ്റൈൻ ദിനാർ തട്ടിയെടുത്തു
text_fieldsമനാമ: പരിചരിച്ചുകൊണ്ടിരുന്ന രോഗിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 25,000ലധികം ബഹ്റൈൻ ദിനാർ തട്ടിയെടുത്തെന്ന കേസിൽ ഏഷ്യൻ നഴ്‌സിനെതിരെ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിച്ചു.
ഭിന്നശേഷിയുള്ള രോഗിയുടെ ബിനിഫിറ്റ് ആപ്ലിക്കേഷനിൽ അനധികൃതമായി പ്രവേശിച്ച്, അദ്ദേഹത്തിന്റെ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് 25,750 ദിനാർ അക്കൗണ്ടിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനും അവരുടെ അഭിഭാഷകക്ക് വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതിനുമായി കേസ് ജനുവരി 20 വരെ മാറ്റിവെച്ചു. വഞ്ചിച്ച് പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി ഇരയുടെ ഇലക്ട്രോണിക് ഒപ്പും വെരിഫിക്കേഷൻ നമ്പറും ദുരുപയോഗം ചെയ്ത് പണം കൈക്കലാക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
മൊബൈൽ ഫോണിലെ ബിനിഫിറ്റ് ആപ്ലിക്കേഷനിലെ ഡേറ്റ കൈകാര്യം ചെയ്ത് പല ഘട്ടങ്ങളിലായി തുക അക്കൗണ്ടിലേക്ക് മാറ്റിയതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ഇരയുടെ മകന്റെ മൊഴി പ്രകാരം, 2025 സെപ്റ്റംബർമുതൽ ഒക്ടോബർവരെയുള്ള കാലയളവിലാണ് പിതാവിന്റെ അക്കൗണ്ടിൽനിന്ന് നഴ്‌സിന്റെ അക്കൗണ്ടിലേക്ക് വിവിധ ഘട്ടങ്ങളിലായി 25,750 രൂപ മാറ്റിയത്.
ഇര ഭിന്നശേഷിയുള്ളയാളും സ്വന്തം സാമ്പത്തിക കാര്യങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയാത്തയാളുമാണെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണത്തിനിടെ, ഇരയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ബഹ്റൈനിലെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി പ്രതി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
തുടർന്ന് ആകെ തുക നാട്ടിലേക്ക് അയച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇടപാടുകൾ പുറത്തറിഞ്ഞതിനുശേഷം 3,500 ദിനാർ തിരികെ നൽകിയെങ്കിലും, ശേഷിക്കുന്ന തുക മടക്കിനൽകിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

