മോഷണം, ആൾമാറാട്ടം; സ്വദേശിക്കെതിരെ കുറ്റപത്രം
text_fieldsമനാമ: വീടുകളിൽനിന്ന് സ്വർണമുൾപ്പെടെ മോഷ്ടിക്കുകയും മറ്റൊരു വ്യക്തിയുടെ സി.പി.ആർ കാർഡ് മോഷ്ടിച്ച് ഇതുപയോഗിച്ച് സ്വർണം പണയം വെക്കുകയും ചെയ്തയാൾക്കെതിരെ ഹൈ ക്രിമിനൽ കോടതി കേസ് ഫയൽ ചെയ്തു.
38കാരനായ സ്വദേശിക്കെതിരെ രണ്ടു വീടുകളിൽ മോഷണം നടത്തിയതും ആൾമാറാട്ടവും, മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതുൾപ്പെടെ അഞ്ചു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്വർണ ഇടപാട് നടത്താൻ ഉപയോഗിച്ച രസീതിലെ ഇരയുടെ ഒപ്പ് വ്യാജമായി നിർമിച്ചതിനും, നിയമവിരുദ്ധ സ്വഭാവം അറിഞ്ഞുകൊണ്ട് മറ്റെരാളുടെ രേഖ ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
തന്റെ വീട്ടിൽ അതിക്രമിച്ചുകയറി സ്വർണമുൾപ്പെടെ സാധനങ്ങൾ മോഷ്ടിച്ചതായി പരാതിക്കാരിൽ ഒരാളായ ഒന്നാം സാക്ഷിയും സതേൺ ഗവർണറേറ്റിലുള്ള തന്റെ വീടും സമാനമായി തകർക്കപ്പെട്ടുവെന്നും, സി.പി.ആർ, എ.ടി.എം കാർഡുകൾ അടങ്ങിയ പഴ്സ് മോഷ്ടിച്ചതായി രണ്ടാമത്തെ സാക്ഷിയും മൊഴി നൽകി. മോഷ്ടിച്ച സ്വർണം ഗിഫ്റ്റ് ഷോപ്പിൽ പണയം വെച്ചതായും കുറ്റം ചുമത്തി.
മോഷ്ടിച്ച സി.പി.ആർ കാർഡ് ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യാനായി കാർ വാടകക്കെടുത്തിട്ടുമുണ്ട്. നേരത്തെയും ഇയാൾക്കെതിരെ മോഷണം, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും, മുമ്പ് ജുർദാബിലെ ഒരു വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളും തെളിവായുണ്ട്. ഇയാളുടെ വിചാരണ ജൂൺ 22ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

