കണ്ണീരണിഞ്ഞ് പ്രവാസലോകം
text_fieldsഅമേരിക്കൻ യാത്രയിൽ ഹൈദരലി തങ്ങൾക്കൊപ്പം ഹബീബ് റഹ്മാൻ
പിതൃതുല്യനായ വഴികാട്ടി
-ഹബീബ് റഹ്മാൻ, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ്
ചില ഓര്‍മകള്‍ നമ്മെ ഈറനണിയിപ്പിക്കും. അവര്‍ ഇനി ഇല്ലെന്ന ചിന്ത ഒരു തരം മരവിപ്പ് നല്‍കും. ദൈവവിധിയാണെങ്കില് കൂടി നമുക്ക് സങ്കടം അടക്കാനാകില്ല. ആദരണീയനായ, പ്രിയങ്കരനായ ഹൈദരലി ശിഹാബ് തങ്ങള്‍ എനിക്ക് ഗുരുതുല്യനായിരുന്നു. അതിലേറെ പിതൃതുല്യനും ജീവിതത്തിലെ വഴികാട്ടിയും. അവിചാരിതമായി കടന്നുവരുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് നല്‍കിയത് അദ്ദേഹമായിരുന്നു. ഏത് സമയത്തും അദ്ദേഹം വിളിപ്പുറത്ത് ഉണ്ടായിരുന്നു; സ്നേഹവും കരുതലുമായി. അദ്ദേഹം എന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.
പാണക്കാടിന്റെ പ്രശംസനീയമായ ആത്മീയ, മതേതര പാരമ്പര്യത്തെ അദ്ദേഹം ജീവിതം കൊണ്ട് അടയാളപ്പെടുത്തി. ഏത് കാര്യങ്ങളിലും കൃത്യവും പക്ഷപാതിത്വരഹിതവുമായ നിലപാട് അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. സമകാലീന കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക പരിസരങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
പാണക്കാട് കുടുംബം എങ്ങനെ മതേതരത്വത്തിന്റെ കാവലാളാകുന്നു എന്ന വിസ്മയത്തിനുള്ള മറുപടിയായിരുന്നു അദ്ദേഹവുമൊരുമിച്ചു നടത്തിയ നിരവധി യാത്രകള്‍. സ്വദേശത്തും വിദേശത്തും നിരവധി യാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ചു. എല്ലായിടത്തും എല്ലാവരുടെയും കണ്ണും മനവും കവരാന്‍ അദ്ദേഹത്തിനായി. അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പം ചെന്നപ്പോള്‍ മലയാളികള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എല്ലാവരെയും കേള്‍ക്കാനും അവരുമായി സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍, മലേഷ്യ എന്നിവിടങ്ങളിലും അദ്ദേഹത്തിനൊപ്പം പോകാനുള്ള ഭാഗ്യമുണ്ടായി. അമേരിക്കയില്‍ അദ്ദേഹവും പത്നിയും പ്രമുഖ വ്യവസായി അമീൻകയും പോക്കുക്കയും സഹോദരന് അഷ്റഫും ഉണ്ടായിരുന്നു. അവിടെ ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവം ഉണ്ടായി. വയര്‍ സംബന്ധമായ ചില പ്രശ്നങ്ങള്‍ കാരണം ഞാന്‍ ബുദ്ധിമുട്ടിയപ്പോള്‍ എന്റെ കൂടെ നിന്ന് അദ്ദേഹം നല്കിയ വാത്സല്യവും സ്നേഹവും എപ്പോഴും ഓര്‍മയിലുണ്ട്. അസുഖം മാറുന്നതുവരെ കൂടെയിരുന്ന് ഒരു പിതാവിന്റെ കരുതലാണ് അദ്ദേഹം നല്‍കിയത്. അതുപോലെ എന്റെ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ രണ്ടുതവണയാണ് അദ്ദേഹം വീട്ടില്‍ വന്നത്. ഒരു മകനോടെന്നപോലുള്ള വാത്സല്യം അനുഭവിക്കാന്‍ അങ്ങനെ പലതവണ ഭാഗ്യമുണ്ടായി. എല്ലാവരിലേക്കും തുറന്നുവെച്ച സ്നേഹവാതിലായിരുന്നു അദ്ദേഹം. എന്നും ഒരു പാട് നല്ല ഓർമകള്‍ മാത്രം.
വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഞാന്‍ തങ്ങളുമായി അടുക്കുന്നത്. അത് അനുദിനം വളര്‍ന്നു. എന്റെ ഉപ്പയുമായും കുടുംബവുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു.
ഉപ്പയും ഏത് കാര്യത്തിലും ആദ്യം അഭിപ്രായം ചോദിക്കുക മഹാനായ ഹൈദരലി തങ്ങളോടായിരുന്നു. ഈ പാത തന്നെയാണ് ഞാനും പിന്തുടര്ന്നത്. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഞാന്‍ ആദ്യം പങ്കിട്ടത് അദ്ദേഹവുമായായിരുന്നു. അദ്ദേഹം നല്കിയ ആത്മീയ ചൈതന്യമാണ് ജീവിതത്തിന് ഊടും പാവും വെളിച്ചവും നല്‍കിയത്.
മുടങ്ങാത്ത ഫോണ്‍ വിളികള്‍. നാട്ടിലെത്തിയാല്‍ ആദ്യം സന്ദര്‍ശിക്കുക തങ്ങളെയായിരുന്നു. ആ കരുതലും വാത്സല്യവും ഇനി ഇല്ല. അത് സമുദായത്തിനും കേരളീയ സമൂഹത്തിനും സൃഷ്ടിക്കുന്നത് വലിയ ശൂന്യത തന്നെയായിരിക്കും. പ്രാർഥനകളോടെ വിട. ദയാപരനായ നാഥന് പാരത്രിക ജീവിതം സ്വര്‍ഗീയമാക്കട്ടെ.
സമൂഹത്തിനായി ജീവിച്ച ധന്യപുരുഷൻ
അലി ഹസൻ -ചെയർമാൻ, അലി വെഞ്ച്വർ ഇന്റർനാഷനൽ ഗ്രൂപ്
നാടിന്റെ നന്മക്കും ക്ഷേമത്തിനുമായി ജീവിതം സമർപ്പിച്ച ധന്യപുരുഷനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തന്റെ സൗമ്യ സാന്നിധ്യത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സഹായം തേടി എത്തുന്നവർക്ക് മുന്നിൽ കാരുണ്യത്തിന്റെ തണലായിരുന്നു അദ്ദേഹം. ആയിരങ്ങൾക്ക് സമാശ്വാസം നൽകിയാണ് അദ്ദേഹം യാത്രയാകുന്നത്. സ്ഥാനമാനങ്ങളുടെ ഇടയിൽ ജീവിക്കുമ്പോഴും ലാളിത്യവും സൗമ്യതയും അദ്ദേഹം കാത്തുസൂക്ഷിച്ചു. ആത്മീയ നേതാവെന്ന നിലയിലും രഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിലും ഏവരുടെയും ആദരവ് പിടിച്ചുപറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.
നാട് കലുഷിതമായ സാഹചര്യങ്ങളിൽ അകപ്പെട്ടപ്പോഴെല്ലാം സമാധാനത്തിന്റെ സന്ദേശവുമായി അദ്ദേഹം മുന്നിൽതന്നെയുണ്ടായിരുന്നു. മതസൗഹാർദം ഊട്ടിയുറപ്പിക്കാൻ അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു.
സമുദായത്തിനും പാർട്ടിക്കും മാത്രമല്ല, പൊതുസമൂഹത്തിന് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ബഹ്റൈനിൽ എത്തിയപ്പോഴെല്ലാം അദ്ദേഹത്തെ കാണാനും ദീർഘനേരം സംസാരിക്കാനും സാധിച്ചിട്ടുണ്ട്.
സ്നേഹം ചൊരിയുന്ന വാക്കുകളിലൂടെ അദ്ദേഹം പ്രസരിപ്പിച്ച ഊർജം അടുത്തനുഭവിക്കാനും കഴിഞ്ഞു.
സൗമ്യമായ വാക്കുകളിലൂടെ കേൾവിക്കാരുടെ മനസ്സുകളിലേക്കാണ് അദ്ദേഹം നടന്നുകയറിയത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സന്ദർഭങ്ങളിലൊന്നാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ. ആ സ്നേഹ സാന്നിധ്യത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
നന്മയുടെ വക്താവ്
രവി പിള്ള, ചെയർമാൻ, ആർ.പി ഗ്രൂപ്
എല്ലാവരെയും ഒരുപോലെ കണ്ട് കേരളീയ പൊതുസമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച മഹനീയ സാന്നിധ്യമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ആത്മീയ നേതാവായും രാഷ്ട്രീയ മണ്ഡലത്തിലെ നന്മയുടെ വക്താവായും അദ്ദേഹം തിളങ്ങിനിന്നു. സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്നവർക്ക് അഭയം തേടാൻ കഴിയുന്ന സ്നേഹത്തിന്റെ ഉറവിടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
സാഹോദര്യവും ഐക്യവും മതസൗഹാർദവും ഊട്ടിയുറപ്പിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടും. സമുദായത്തിന്റെയും നാടിന്റെയും പുരോഗതിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെയും നന്മ ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. എന്നും സാധാരണക്കാർക്കൊപ്പം ജീവിച്ച ഹൈദരലി ശിഹാബ് തങ്ങൾ പകർന്നുനൽകിയ നേരിന്റെ വെളിച്ചം അണയാതെ സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ.
നിലച്ചത് സ്നേഹച്ചുമരുകള് പണിത സമുദായ ശബ്ദം
-കെ.എം.സി.സി ബഹ്റൈന്‍
മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ലോകത്തിന്റെ തന്നെ തീരാനോവാണെന്നും നിലച്ചത് സ്നേഹച്ചുമരുകള് പണിത സമുദായ ശബ്ദമാണെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഹരിത രാഷ്ട്രീയത്തിനപ്പുറം സൗമ്യതയോടെ ലോകത്തെ ചേര്‍ത്തുപിടിച്ച സമുന്നത നേതാവായിരുന്നു അദ്ദേഹം.
ഏവര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്നും കെ.എം.സി.സിയെയും മുസ്ലിം ലീഗിനെയും സംബന്ധിച്ചിടത്തോളം അനാഥത്വമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ബഹ്റൈന്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും തങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. സാധാരണക്കാരുടെ ഹൃദയങ്ങള്‍ കണ്ടറിഞ്ഞായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. പാണക്കാട് തറവാട് മുറ്റത്തേക്ക് എത്തുന്നവര്‍ക്ക് ആശ്രയവും തണലുമായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍ മുസ്ലിം സമുദായത്തെ ഐക്യത്തോടെ ചേര്‍ത്തുനിര്‍ത്തി, മുന്നോട്ടു നയിച്ച ആത്മീയാചാര്യനുമായിരുന്നു ഹൈദരലി തങ്ങള്‍. രാഷ്ട്രീയ നേതൃസ്ഥാനത്തുനിന്ന് പൊതുരംഗത്തെ അനഭിമത വേര്‍തിരിവുകളെ ഇണക്കിച്ചേര്‍ത്താണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നും നേതാക്കള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
മനാമ: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാലിന്റെ നേതൃത്വത്തിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേൽപത്തൂർ, മുഖ്യരക്ഷാധികാരി നാസർ മഞ്ചേരി, എൻ.കെ. മുഹമ്മദാലി, ദിലീപ്, മജീദ്, കരീം മോൻ, ഖൽഫാൻ, അമൃത രവി, സലാം, റഫീഖ്, മണി, മനോജ്, മുബഷിർ ആദിൽ, സുബൈദ, ഷിദ, രഹ്ന, മുബീന, പർവീൻ, സുലു എന്നിവർ സംസാരിച്ചു.
മതേതരത്വം കാത്തുസൂക്ഷിക്കുന്നതിൽ എന്നും വ്യക്തമായ പങ്കുവഹിച്ച നേതാവാണ് ശിഹാബ് തങ്ങളെന്നു അനുശോചന യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അനുസ്മരിച്ചു. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയൊരു നഷ്ടമാണ് തങ്ങളുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും യോഗം വിലയിരുത്തി.
നാടിന്റെ പുരോഗതിക്കായി പ്രയത്നിച്ച നേതാവ് -ഫുഡ് വേൾഡ് ഗ്രൂപ്
മനാമ: നാടിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി സൗമ്യഭാവത്തോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫുഡ് വേൾഡ് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് ഷവാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മതേതര കേരളത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജാതി മതഭേദമന്യേ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമായിരുന്നു അദ്ദേഹം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ സേവനങ്ങൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഒ.എന്‍.സി.പി അനുശോചിച്ചു
മനാമ: ഏത് കലുഷിതമായ അന്തരീക്ഷത്തെയും തികഞ്ഞ ശാന്തതയോടെയും ചെറിയ പുഞ്ചിരിയോടെയും നേരിടുന്ന മനുഷ്യസ്നേഹിയും സ്നേഹ സമ്പന്നനുമായ നേതാവായിരുന്നു അദ്ദേഹമെന്നും കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി രജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കമ്പ്രത്ത്, വൈസ് പ്രസിഡന്റ് സാജിര്‍ ഇരിവേരി എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

