റമദാനൊരുക്കത്തിന്റെ ‘നനച്ചു കുളി’
text_fieldsനോമ്പോർമകളെ എഴുതാം ഗൾഫ് മാധ്യമത്തിലൂടെ....
300 വാക്കുകളിൽ കവിയാത്ത കുറിപ്പുകൾക്കൊപ്പം എഴുതുന്ന ആളുടെ ഫോട്ടോയും അയക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ മാധ്യമം പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഇ-മെയിൽ വിലാസം: bahrain@gulfmadhyamam.net
വീണ്ടുമൊരു റമദാനിലാണ് നാം. റമദാനെ വിശ്വാസികള്‍ സ്വീകരിക്കുന്നതിന്റെ മുന്നോടിയാണ് നനച്ചുകുളി എന്ന മുഖ്യചടങ്ങ്. നനച്ചുകുളി കേവലം വൃത്തിയാക്കലല്ല. ഈ ആധുനിക ഇന്റര്‍നെറ്റ് യുഗത്തിലും നോമ്പിനെ വരവേല്‍ക്കുന്നതിന്റെ ലക്ഷണമായി മുസ്ലിം ഭവനങ്ങളും പള്ളികളും കഴുകി വൃത്തിയാക്കുന്ന പഴയ ആചാരങ്ങളും വിശ്വാസങ്ങളും തങ്ങള്‍ കൈവിട്ടിട്ടില്ല എന്നതിന്റെ ലക്ഷണം തന്നെയാണ്. നിര്‍ബന്ധമല്ലെങ്കിലും, നിര്ബന്ധംപോലെ തന്നെയാണ് പാരമ്പര്യമായി ചെയ്തു പോരുന്ന ഈ ചടങ്ങിനെ മുസ്ലിം സമൂഹം കണക്കാക്കി വരുന്നത്.
പണ്ടു മുതലേ മലബാറിലെ മുസ്ലിംകള്ക്കിടയില് റമദാന് തുടങ്ങുന്നതിന്റെ രണ്ടാഴ്ച മുന്നേ വീടുകളും വീട്ടുസാധനങ്ങളും വൃത്തിയാക്കി തുടങ്ങുന്ന രീതിയുണ്ടായിരുന്നു. പണ്ട് കൂട്ടുകുടുംബങ്ങളായിട്ടാണ് ജീവിച്ചുവന്നത്. ഇരുപതും മുപ്പതും പേർവരെ ഒരു വീട്ടിൽ ജീവിച്ചിരുന്നു. വീടുകൾ ചെറുതാണെങ്കിൽപോലും ഇന്നത്തെ അണുകുടുംബങ്ങളേക്കാൾ സ്നേഹവും സഹകരണവും അന്ന് ഉണ്ടായിരുന്നു. കൂട്ടുകുടുംബമായതിനാൽ ജോലിക്ക് അംഗങ്ങൾക്ക് പ്രയാസമില്ലായിരുന്നു. കട്ടില്, ബെഞ്ച്, പായ, വസ്ത്രം, നമസ്കാരക്കുപ്പായം തുടങ്ങിയവ തോടുകളിൽ കൊണ്ടുപോയാണ് കഴുകാറ്.
ഉത്സാഹപൂര്‍വം വലിയവരും കുട്ടികളും തുടച്ചുവൃത്തിയാക്കുന്നുണ്ട്. എന്നാലും നനച്ചുകുളി എന്ന നിയ്യത്തോടെ ഇന്നും എല്ലാ മുസ്ലിം ഗൃഹങ്ങളും റമദാന് അടുപ്പിച്ച് പ്രത്യേകമായി വൃത്തിയാക്കിവരുന്നു. ഇതു സൂചിപ്പിക്കുന്നത് മുസ്ലിംകള്ക്ക് റമദാന് മാസത്തോടുള്ള ബഹുമാനവും ഭക്തിയും തന്നെയാണ്. ഒരു കോട്ടവും ഇന്നും ഇതിന് തട്ടിയിട്ടില്ലെന്നത് എടുത്തു പറയേണ്ടതാണ്. ഇതുപോലെ തന്നെ പള്ളികള്‍ കഴുകലും പാരമ്പര്യമായി നടത്തിവരുന്നുണ്ട്, പള്ളികള്‍ പെയിന്റ് ചെയ്യലും ഇക്കാലത്താണ്. നമ്മുടെ ഹൃദയത്തിലും ഒരു നനച്ചുകുളി നടക്കേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.