ഷോർട്ട് സർക്യൂട്ട്: ബഹ്റൈനിലെ കർസക്കാനിലെ ‘സഫ ഗാർഡൻ’ വെഡ്ഡിങ് ഹാൾ പൂർണമായും കത്തിനശിച്ചു
text_fieldsമനാമ: ബഹ്‌റൈനിലെ കർസക്കാനിൽ പ്രവർത്തിച്ചിരുന്ന ‘സഫ ഗാർഡൻ’ കല്യാണ മണ്ഡപം തീപിടിത്തത്തിൽ പൂർണ്ണമായും നശിച്ചു. കഴിഞ്ഞ പത്തുവർഷമായി ഒട്ടനവധി ദമ്പതികളുടെ വിവാഹങ്ങൾക്കും മറ്റു ആഘോഷങ്ങൾക്കും വേദിയായ ഈ ഹാൾ, ഇന്നലെ പുലർച്ചെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നാണ് അഗ്നിക്കിരയായത്. സ്ഥാപന ഉടമക്ക് ഏകദേശം 2 ലക്ഷം ദീനാറിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
സ്ഥാപനത്തിലുണ്ടായിരുന്ന കസേരകൾ, സ്റ്റേജുകൾ, മേശകൾ, അലങ്കാര വസ്തുക്കൾ, സൗണ്ട് സിസ്റ്റങ്ങൾ, ലൈറ്റിംഗ് ഉപകരണങ്ങൾ എന്നിവയെല്ലാം തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. പത്തുവർഷത്തെ കഠിനാധ്വാനം നിമിഷനേരം കൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് ഉടമ ഹൈദർ. സ്ഥാപനത്തിന് ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് നിർഭാഗ്യകരമായ ഈ സംഭവം നടന്നത്.
ഈ വർഷാവസാനം വരെയായി 120ഓളം ബുക്കിംഗുകളാണ് ഹൈദറിന് ലഭിച്ചിരുന്നത്. ഇവ എങ്ങനെ നിറവേറ്റുമെന്ന വലിയ ആശങ്കയിലാണ് അദ്ദേഹം. താൻ നൽകിയ വാക്ക് പാലിക്കാനായി സാധ്യമായ എല്ലാ വഴികളും തേടുകയാണെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ വിവാഹ വേദിയും സേവനങ്ങളും നൽകിയിരുന്ന സഫ ഗാർഡന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
പ്രതിസന്ധിയിലായ ഹൈദർ താരദയെ സഹായിക്കാൻ നോർത്തേൺ മുനിസിപ്പൽ കൗൺസിൽ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ജീവകാരുണ്യ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ സ്ഥാപനം പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കൗൺസിൽ ചെയർമാൻ ഡോ. സൽമാൻ അബ്ദുള്ള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

