അവധിക്കാലം കഴിഞ്ഞു; ബഹ്റൈനിൽ സ്കൂളുകൾ തുറന്നു
text_fieldsമനാമ: വേനലവധിക്കുശേഷം ഹർഷാരവത്തോടെ ബഹ്റൈനിൽ സ്കൂളുകൾ തുറന്നു. സ്വദേശി സ്കൂളുകളുകളിൽ പുതിയ അധ്യയനവർഷത്തിനാണ് തുടക്കമായത്. വേനലവധിക്കായി നാട്ടിൽ പോയ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തിയിരുന്നു.
രണ്ടുമാസത്തെ അവധിക്കുശേഷം സ്കൂളിലേക്കെത്തിയ വിദ്യാർഥികളെ സ്കൂളുകളുടെ കവാടത്തിൽ അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് പല സ്കൂളുകളും വിദ്യാർഥികളെ എതിരേറ്റത്. ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സ്കൂൾ, കിന്റർഗാർട്ടൻ, നഴ്സറി എന്നിവിടങ്ങളിലായി ഏകദേശം 2,66,000 വിദ്യാർഥികളാണ് ക്ലാസ് മുറികളിലെത്തിയത്. 209 സർക്കാർ സ്കൂളുകളിലായി 1.55 ലക്ഷം വിദ്യാർഥികളുണ്ട്. 80 സ്വകാര്യ സ്കൂളുകളിൽ 90,000 പേരും കിന്റർഗാർട്ടനുകളിൽ 17,000 പേരും നഴ്സറികളിൽ 4000 കുട്ടികളും ഈ വർഷമുണ്ട്.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വർക്സ് മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മോട്ടോർ സൈക്കിൾ യാത്രക്കാർ, ഹെവി വെഹിക്കിൾ ഡ്രൈവർമാർ, പബ്ലിക് ബസ് ഡ്രൈവർമാർ, ഡെലിവറി റൈഡർമാർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ റോഡ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. എല്ലാ കമ്യൂണിറ്റികളിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ എംബസികളുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടികൾ നടത്തിയത്.
തിരക്കേറിയ സമയങ്ങളിലും പ്രത്യേകിച്ച് സ്കൂൾ തുറക്കുന്ന ആദ്യ ദിവസങ്ങളിലും തിരക്ക് കൂടുതലുണ്ടാകുന്ന സമയങ്ങളിലും ട്രാഫിക് നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങൾക്ക് ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ സ്ഥാപിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിശദ പട്ടിക സ്കൂൾ ബസുകൾക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.