സത്യൻ അന്തിക്കാടും സന്ദേശവും
text_fieldsഒ.എം. ഫ്രാൻസിസ്
അന്തിക്കാട്
സത്യൻ അനന്തിക്കാട്
ഒരുകാലത്ത് കള്ളിനും കമ്യൂണിസത്തിനും പേരുകേട്ട നാടായിരുന്നു തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമം. എന്നാൽ ഇന്ന്, ‘അന്തിക്കാട്’ എന്ന പേര് കേൾക്കുമ്പോൾ ലോകത്തെമ്പാടുമുള്ള മലയാളികൾ ആദ്യമായി ഓർക്കുന്നത് കള്ള് തൊടാത്ത, കുടുംബചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിനെയായിരിക്കും! ‘കുറുക്കന്റെ കല്യാണം’ മുതൽ ‘ഹൃദയപൂർവം’ വരെ, കഴിഞ്ഞ 43 വർഷങ്ങളായി അദ്ദേഹം മലയാള സിനിമക്ക് സംഭാവന ചെയ്ത 58 ഹൃദയസ്പർശികളായ കുടുംബചിത്രങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധിക്കും ജനപ്രീതിക്കും പിന്നിൽ. കണ്ണീരും ചിരിയും കലർന്ന, ജനം നെഞ്ചേറ്റിയ ആ ചിത്രങ്ങളാണ് അദ്ദേഹത്തെ ‘മലയാളി കുടുംബങ്ങളുടെ സ്വന്തം സംവിധായകൻ’ എന്ന ജനകിരീടത്തിനും അർഹനാക്കിയത്!
കഴിഞ്ഞ 52 വർഷങ്ങളായി സത്യൻ അന്തിക്കാട് മലയാള സിനിമാലോകത്തുണ്ട്. 19ാം വയസ്സിൽ സിനിമാസംവിധാനസ്വപ്നങ്ങളുമായി ഒരു അന്തിക്കാട്ടുകാരൻ പയ്യൻ മദ്രാസിലേക്ക് വണ്ടി കയറുന്നു.
അങ്ങനെ 1973ൽ ഡോ. ബാലകൃഷ്ണന്റെ സഹസംവിധായകനായിട്ടാണ് സത്യന്റെ ചലച്ചിത്ര രംഗപ്രവേശം. പിന്നെ തന്റെ കഴിവിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്നെയാണ് ആ അന്തിക്കാട്ടുകാരൻ വിജയത്തിന്റെയും പ്രശസ്തിയുടെയും ഗിരിശൃംഗങ്ങളിൽ എത്തിച്ചേർന്നത്. ജനമനസ്സുകളിൽ മായാത്ത മുദ്ര പതിപ്പിച്ച പ്രഗല്ഭനായൊരു സംവിധായകൻ മാത്രമല്ല, ഗാന രചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണദ്ദേഹം. ‘ഈശ്വരൻ മാത്രം സാക്ഷി’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് 2019ൽ, ഹാസ്യവിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ളതാണ്.
നാഷണൽ ഫിലിം അവാർഡ്, സ്റ്റേറ്റ് അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി ഒരു പാട് പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളെ തേടിയെത്തിയിട്ടുണ്ട്.
34 വർഷങ്ങൾ പിന്നിട്ട ‘സന്ദേശം’
സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ ജനിച്ച സന്ദേശം എന്ന ശ്രേഷ്ഠ ചിത്രത്തിന് 34 വയസ്സ് തികഞ്ഞിരിക്കുന്നു! 1991 ഒക്ടോബർ അവസാനത്തിലാണ് ഈ ആക്ഷേപഹാസ്യ ചിത്രം റിലീസ് ആവുന്നത്. അതിൽ അഭിനയിച്ച തിലകൻ, ശങ്കരാടി, ഒടുവിൽ, മാമുക്കോയ… തുടങ്ങി പല പ്രശസ്ത താരങ്ങളും തിരശ്ശീലക്ക് പിന്നിലെ നിത്യശാന്തിയുടെ തീരത്തേക്ക് മടങ്ങി. എന്നിട്ടും 34 വർഷങ്ങൾക്ക് മുമ്പ്, സന്ദേശം ഇറങ്ങിയ കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്ത ഒരുപാട് യുവജനങ്ങളുടെ ചർച്ചകളിൽ, ആ സിനിമയും അതിലെ സംഭാഷണങ്ങളും ഇന്നും ചിരി പടർത്തുന്നു. ഓരോ ഇലക്ഷൻ കഴിയുമ്പോളും സന്ദേശത്തിലെ സീനുകൾ ട്രോളുകളായി ഇറങ്ങുകയും ആമാശയ രാഷ്ട്രീയക്കാരെ 'വധിക്കുക' യും ചെയ്യുന്നു. ഈ ചിത്രത്തിന്റെ വിജയവും ജനമനസ്സുകളിൽ ഇന്നും അതിനുള്ള വൻ സ്വീകാര്യതയുമാണ് ഇത് കാണിക്കുന്നത്. ഒരുപാട് വലിയ അംഗീകാരങ്ങളും ബഹുമതികളും വാരിക്കൂട്ടിയ ഒരു ചിത്രം കൂടിയാണ് സന്ദേശം. ഐ.ബി.എൻ ലൈവ് തിരഞ്ഞെടുത്ത, എക്കാലത്തെയും ഏറ്റവും നല്ല 100 ഇന്ത്യൻ സിനിമകളുടെ പട്ടികയിൽപെടുന്ന ചിത്രമാണിത്.
അതുപോലെതന്നെ, 2016ൽ 70ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എൻ.ഡി.ടി.വി തയാറാക്കിയ ‘70 വർഷങ്ങൾ, 70 മഹദ് ചിത്രങ്ങൾ’ എന്ന ലിസ്റ്റിൽ ഉൾപ്പെട്ട നാല് മലയാള ചിത്രങ്ങളിൽ ഒന്ന് സന്ദേശമായിരുന്നു.
മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സത്യൻ അന്തിക്കാട് ഈ വർഷം 70ാം ജന്മദിനം ആഘോഷിച്ചു. എഴുപതാം വയസ്സിലും ഊർജസ്വലനും കർമോദ്യുക്തനുമായ കലാകാരനായി അദ്ദേഹം സിനിമാലോകത്ത് തിളങ്ങുകയാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിൽനിന്ന് ഇനിയും ഒരുപാട് മഹദ് ചിത്രങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. സീരിയസ് ആയ വിഷയങ്ങൾ നർമ്മം കലർത്തി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിലുള്ള, ജീവിതഗന്ധിയായ, ചിത്രങ്ങൾ. സന്ദേശത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോ എന്ന ചോദ്യം പലരും അദ്ദേഹത്തോട് ചോദിക്കാറുണ്ട്. ഇതുതന്നെ ഈ ചിത്രത്തിനുള്ള ഒരു വലിയ പ്രശംസയാണ്.
സന്ദേശത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടായാലും ഇല്ലെങ്കിലും ആ ചിത്രത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും സന്ദേശവും ഇനിയും ദശാബ്ദങ്ങൾ നീണ്ടുനിൽക്കും.
കാരണം, അഴിമതിയുടെയും ആമാശയ വാദത്തിന്റെയും ചളിക്കുണ്ടിൽ നീന്തിക്കളിക്കുന്ന, പൊതുജനങ്ങളെ കഴുതകളാക്കുന്ന രാഷ്ട്രീയം, കേരളത്തിലും ഇന്ത്യയിലും, ഇനിയും മാറ്റങ്ങളില്ലാതെ തുടരാനാണ് സാധ്യത!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

