സമൂഹമാധ്യമങ്ങൾ വിചാരണ നടത്തുന്ന പ്രവണത ആശാസ്യമല്ല
text_fieldsവ്യക്തികളെ ഒറ്റപ്പെടുത്തുന്നതോ ഇല്ലായ്മ ചെയ്യുന്നതോ ആയ പ്രവണത ഇന്ന് സമൂഹമാധ്യമങ്ങളിൽ വർധിച്ചുവരികയാണ്. കുറച്ച് ദിവസം മുമ്പ് നാട്ടിലെ ഒരു വിദ്യാർഥിയുടെ പ്രശ്നത്തിൽ സമൂഹമാധ്യമങ്ങൾ ആ കുട്ടിയെ ഒറ്റപ്പെടുത്തി വിചാരണ നടത്തിയ സംഭവം നാം മനസ്സിലാക്കിയതാണ്.
എന്നാൽ, ആ കുട്ടിയെ സ്കൂൾ അധികൃതരും പി.ടി.എയുമടക്കം ചേർത്തുപിടിച്ച ശുഭകരമായ വാർത്ത സമൂഹമാധ്യമങ്ങളല്ല ശരിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചേർത്തുപിടിക്കുകയാണ് വേണ്ടത്, അല്ലാതെ തെരഞ്ഞുപിടിച്ച് കൂട്ടമായി വിചാരണ ചെയ്യുന്ന, വർധിച്ചുവരുന്ന സമൂഹമാധ്യമങ്ങളുടെ പ്രവണതക്ക് ഒരറുതി ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്നത്തെ കുട്ടികൾ വഴിതെറ്റുന്ന കാര്യങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നതുതന്നെ സമൂഹമാധ്യമങ്ങളുടെ അഹിതകരമായ സ്വാധീനം മൂലമാണ്. കുട്ടികളിൽ ദുഃസ്വഭാവവും മോശം സമീപനവും ഉണ്ടാക്കുന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെ നമുക്ക് ഒഴിച്ചുനിർത്താൻ സാധ്യമല്ല. അതേ സമൂഹമാധ്യമങ്ങൾ തന്നെയാണ് ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്തി വിചാരണ ചെയ്യുന്നതിലും മുൻപന്തിയിൽ നിൽക്കുന്നതെന്നത് എത്ര വലിയ വിരോധഭാസമാണ്!
മലീമസമായിക്കൊണ്ടിരിക്കുന്ന സമൂഹമാധ്യമ ലോകത്തെ സംശുദ്ധീകരിക്കുവാൻ പൊതുസമൂഹവും ഭരണകൂടവും മുന്നിട്ടിറങ്ങിയാലേ വളർന്നുകൊണ്ടിരിക്കുന്ന കുട്ടികളിലെ കുറ്റവാസനകളെയും അക്രമ മനോഭാവങ്ങളെയും ചെറുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളെയും വിദ്യാർഥികളെയും അധ്യാപകരെയും ഒക്കെ പരസ്പരം ചളിവാരിയെറിയുന്ന പ്രവണതക്ക് തടയിടാൻ വിദ്യാലയങ്ങളിലും പ്രത്യേക ചട്ടങ്ങൾ നടപ്പിലാക്കുന്നത് ചെറിയ രീതിയിലെങ്കിലും ഗുണം ചെയ്യുമെന്നതിൽ തർക്കമുണ്ടാകാനിടയില്ല.സമൂഹമാധ്യമങ്ങൾ അനാവശ്യ ഇടപെടലുകൾക്കും പരസ്പരം വിദ്വേഷങ്ങളുണ്ടാക്കുന്ന പ്രസ്താവനകൾക്കും അസ്വാരസ്യങ്ങൾക്കും മൂക്കുകയറിടുന്നതിൽ നാം അമാന്തം കാണിച്ചാൽ ദിശാബോധം തെറ്റിയ, അക്രമാസക്തമായ ഒരു തലമുറയെ നാം തന്നെ അനുഭവിക്കേണ്ടിവരും.
സമൂഹമാധ്യമങ്ങൾ കുട്ടികളിൽ വലിയരീതിയിൽ സ്വാധീനം ചെലുത്തുമെന്നതിനാൽ അവരെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന പ്രവണതകൾ നാം ഇല്ലാതാക്കി ധാർമികവും സാംസ്കാരികവും സാമൂഹ്യവുമായ വളർച്ചയിലേക്കും വികാസത്തിലേക്കും അവർക്ക് പ്രചോദനം നൽകാൻ നാം പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ മുതിർന്നവരും മുന്നിട്ടിറങ്ങണം. ‘തിരിച്ചറിയാതെ തകർക്കരുത് ഒന്നിനെയും. ഓർക്കുക ഓരോന്നും ഫലം പുറപ്പെടുവിക്കുന്നത് അതിന്റെ സമയങ്ങളിലാണ്’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

