ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് നബീൽ ഖാലിദ് കാനുവിന്‍റെ നേതൃത്വത്തിൽ ടീം ചുമതലയേറ്റു
text_fieldsബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് പുതിയ ഭരണസമിതി അംഗങ്ങൾ
മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 31ാം ഊഴത്തിലേക്കുള്ള പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ചേംബറിന്‍റെ ആസ്ഥാനത്ത് നടന്ന പ്രഥമ യോഗത്തിൽ നബീൽ ഖാലിദ് കാനുവിനെ പുതിയ ചെയർമാനായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സ്വകാര്യ മേഖലയുടെ ഉന്നമനത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച ക്രിയാത്മകമായ കാഴ്ചപ്പാടുകൾക്കും നേതൃപാടവത്തിനുമുള്ള അംഗീകാരമായാണ് ഈ തിരഞ്ഞെടുപ്പ്.
ഫസ്റ്റ് വൈസ് ചെയർമാൻ: യൂസഫ് സലാഹുദ്ദീൻ, സെക്കൻഡ് വൈസ് ചെയർമാൻ: നവാഫ് അൽ സയാനി, ട്രഷറർ: അഹമ്മദ് അൽ സലോം, വൈസ് ട്രഷറർ: ഖാലിദ് ജുമുഅ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ബോബ് താക്കർ, ഹസൻ കൈക്സോ എന്നിവരാണ് പുതിയ ഭരണസമിതി ഭാരവാഹികൾ.
സ്ഥാനമേറ്റ ശേഷം നടത്തിയ പ്രസംഗത്തിൽ, ബഹ്‌റൈന്‍റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള തന്‍റെ കർമപദ്ധതികൾ നബീൽ കാനു വിശദീകരിച്ചു. ചേംബറിന്‍റെ പ്രവർത്തനങ്ങളിൽ സുതാര്യതയും പങ്കാളിത്തവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ ഫണ്ടിംഗ് സൗകര്യങ്ങളും വളർച്ചാ അവസരങ്ങളും ലഭ്യമാക്കും. ബിസിനസ് മേഖലയിലുള്ളവർ നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും പ്രത്യേക സംവിധാനമൊരുക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് ബിസിനസ് നടപടിക്രമങ്ങൾ ലഘൂകരിക്കാനും നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും മുൻകൈ എടുക്കും. ചേംബറിന്‍റെ ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെലവുകൾ ചുരുക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും.
സ്വകാര്യ മേഖലയ്ക്ക് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

