ഡിജിറ്റൽ യുഗത്തിലെ പത്രത്താളുകളുടെ മധുരം
text_fieldsമാധ്യമ ശൃംഖലകൾ കടലാസിൽനിന്ന് ഡിജിറ്റൽ സ്ക്രീനുകളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ 'ഗൾഫ് മാധ്യമം' എന്ന ദിനപത്രം മുടങ്ങാതെ നമ്മുടെ വീടുകളിലും ഷോപ്പുകളിലും ഓഫിസുകളിലും എത്തിച്ചേരുന്നു എന്നത് അതിന്റെ വായനക്കാരുടെയും ഈ ദൗത്യം ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തകരുടെയും വിജയമാണ്. ഈ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കാതെ വയ്യ.
പ്രവാസലോകത്ത്, പ്രത്യേകിച്ച് ബഹ്റൈനിലെ സാഹചര്യങ്ങളിൽ ലോകത്തെവിടെയുമുള്ളതുപോലെ പ്രവാസികളും മൊബൈൽ ഫോണുകളുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. എന്നാൽ, തങ്ങളുടെ മനസ്സിന്റെ സംതൃപ്തി ആഗ്രഹിക്കുന്നവരും കാഴ്ചശക്തിക്ക് പ്രാധാന്യം നൽകുന്നവരും വായനയെ ജീവിതത്തിന്റെ ഭാഗമായി കാണുന്നവരും 'ഗൾഫ് മാധ്യമം' ദിനപത്രത്തെ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്നു.
രാവിലെയുള്ള കട്ടൻചായയും ഉപ്പുമാവും കഴിക്കുന്നതിനിടയിൽ മേശപ്പുറത്ത് കാണുന്ന 'ഗൾഫ് മാധ്യമം' ഒരു നോക്ക് കാണുന്നതിലും പേജുകൾ മറിച്ച് തലക്കെട്ടുകളെങ്കിലും വായിക്കുന്നതിലും ലഭിക്കുന്ന സംതൃപ്തി ഈ പ്രവാസജീവിതത്തിൽ വളരെ വലുതാണ്. ജീവിതത്തിന്റെ ചെറിയ ചുറ്റുപാടുകളിൽ ഒതുങ്ങാതെ, ലോകത്തിന്റെ നെറുകയിലെ വിശേഷങ്ങൾ വായനയിലൂടെ നമ്മൾ അനുഭവിക്കുകയാണ് എന്ന തോന്നൽ, വായനയിലൂടെ അല്ലാതെ മറ്റെന്തിലൂടെയാണ് ഇത്രയും പൂർണമായി ലഭിക്കുക?
ഒരുവർഷത്തേക്ക് മാധ്യമം ദിനപത്രത്തിന് വരിചേരുമ്പോൾ ലഭിക്കുന്ന ഫ്രീ കൂപ്പണുകളും മറ്റ് ആനുകൂല്യങ്ങളും എന്നെപ്പോലെയുള്ള വായനക്കാർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. വായനയുടെ സന്തോഷം നിലനിർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള മാധ്യമത്തിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
ഈ പത്രത്തിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന എല്ലാ ജീവനക്കാർക്കും എന്റെ അഭിനന്ദനങ്ങൾ. ഞാനും വായനയുടെ ഈ മധുരം നിറഞ്ഞ സന്തോഷത്തിൽ പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

