സ്ത്രീകളുടെ ഉന്നമനത്തിന് ഹമദ് രാജാവ് നല്കുന്ന പിന്തുണ ശ്രദ്ധേയം
text_fieldsബഹ്റൈൻ വനിത ദിനാചരണത്തോടനുബന്ധിച്ച് പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം
ആല് ഖലീഫ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
'രാജ്യത്തിെൻറ വികസനത്തില്‍ ബഹ്റൈന്‍ വനിതകൾ'എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ വനിത
ദിനാചരണം
മനാമ: ബഹ്റൈന്‍ വനിതകളുടെ ഉന്നമനത്തിനും വളര്‍ച്ചക്കും രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നല്കുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് രാജപത്നിയും ബഹ്റൈന്‍ വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹമദ് രാജാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവർ.
ഈ വര്‍ഷത്തെ വനിത ദിനാചരണം ഹമദ് രാജാവിെൻറ രക്ഷാധികാരിത്വത്തില്‍ നടത്തുന്നതിന് അംഗീകാരം കിട്ടിയതിെൻറ സന്തോഷവും അവര്‍ പങ്കുവെച്ചു. വനിത സുപ്രീം കൗണ്‍സില്‍ രൂപവത്കരിച്ചതിെൻറ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ വിവിധ മേഖലകളില്‍ വനിതകളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും അവരെ മുഖ്യധാരയില്‍ കൊണ്ടുവരാനും സാധിച്ചതായി അവര്‍ അഭിപ്രായപ്പെട്ടു. 'രാജ്യത്തിെൻറ വികസനത്തില്‍ ബഹ്റൈന്‍ വനിതകൾ'എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം വനിത ദിനം കൊണ്ടാടുക. സ്ത്രീകളുടെ വളര്‍ച്ചയിലും മുന്നേറ്റത്തിലും കാര്യമായ പങ്ക് വഹിക്കാന്‍ സുപ്രീം കൗണ്‍സിലിെൻറ പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, വ്യാപാര, തീരുമാന മേഖലകളില്‍ അവരുടെ കഴിവും ശക്തിയും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രിന്‍സസ് സബീക്ക വ്യക്തമാക്കി.
പൊതുരംഗത്ത് സ്ത്രീസാന്നിധ്യം ശക്തിപ്പെടുത്താനും അവരുടെ കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുമുള്ള പദ്ധതികള്‍ തയാറാക്കുകയും അവ കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക ബഹ്റൈന്‍ ശ്രദ്ധേയമാവുന്നത് സ്ത്രീ പുരുഷ സമത്വവും അവര്‍ക്ക് നല്കുന്ന സ്വാതന്ത്ര്യവും നീതിയുമാണ്. സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് രാജ്യത്തിെൻറ വികസനത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. രാജ്യത്തിെൻറ നിര്‍മാണ പ്രക്രിയയില്‍ അവഗണിക്കാനാവാത്ത ശക്തിയായി അവര്‍ മാറിയിട്ടുണ്ടെന്നും പ്രിന്‍സസ് സബീക്ക ചൂണ്ടിക്കാട്ടി.
എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിനാണ് അറബ് വനിത ദിനമായി ആചരിക്കുന്നത്. അറബ് വനിതകളുടെ ഉന്നമനത്തിനും വളര്‍ച്ചക്കും ശാക്തീകരണത്തിനും വഴി കാണിക്കാന്‍ ബഹ്റൈന്‍ വനിതകള്‍ക്ക് സാധ്യമായിട്ടുണ്ട്. വിവിധ മേഖലകളില്‍ അവര്‍ നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ മാതൃകപരമാണ്.
മേഖലയിലെ സമാധാനത്തിലും ശാന്തിയിലും പങ്കാളിയാകാനും കുടുംബത്തിലും സമൂഹത്തിലും സ്വസ്ഥത സാധ്യമാക്കാനും അറബ് സ്ത്രീകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ക്കു മാത്രമായി ആദ്യ സെക്കൻഡറി സ്കൂള്‍ 1950ല്‍ സ്ഥാപിക്കാന്‍ സാധിച്ചതും നേട്ടമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

