അറുപതാണ്ട് പ്രവാസത്തിന്റെ കഥ; ഖത്തറിന്റെയും
text_fields60 വർഷത്തെ പ്രവാസം പിന്നിട്ട എ.കെ. ഉസ്മാന് എം.എസ്.എസിന്റെ
ഉപഹാരം എം.പി. ഷാഫി ഹാജി കൈമാറുന്നു
ദോഹ: 60 വർഷം മുമ്പ് അധികമാരും ഗൾഫ് രാജ്യങ്ങളിലേക്ക് വരാതിരുന്ന കാലത്ത് കരിവണ്ടിയിൽ കയറി മൂന്ന് രാപ്പകലുകൾ താണ്ടി മുംബൈയിലേക്കും പിന്നെ അവിടെ നിന്ന് കാറ്റും കോളും നിറഞ്ഞ കടലുകൾ എട്ടു ദിനംകൊണ്ട് കടന്ന് മിസൈദ് കടപ്പുറവുമെത്തിയ കഥ എ.കെ. ഉസ്മാൻ പറഞ്ഞുതുടങ്ങിയപ്പോൾ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദതയിൽ സദസ്സ് കേട്ടിരുന്നു. മനസ്സാഗ്രഹിക്കുന്ന നിമിഷത്തിൽ ആയിരം മൈലുകൾക്കകലെ ഇരിക്കുന്ന ബന്ധുകളെ വിഡിയോയിൽ കാണാനും മണിക്കൂറുകളുടെ ഇടവേളയിൽ അവരിലെത്താനും കഴിയുന്ന പുതിയ കാലത്ത്, ന്യൂജെൻ തലമുറ ഒരു മുത്തശ്ശിക്കഥപോലെ എല്ലാം കേട്ടിരുന്നു.
മിസൈദിൽ പുറങ്കടലിലായി നങ്കൂരമിട്ട കപ്പലിൽനിന്നും ചെറിയ ഉരുവിൽ തീരമണഞ്ഞതും പിന്നെ, ഇൻഷുറൻസ് കമ്പനിയിൽ ജോലിചെയ്തും അവിടെ നിന്ന് മറ്റു ജോലികൾ കണ്ടെത്തിയും ശേഷം വാടകക്ക് വാഹനം നൽകുന്നതിന്റെ സാധ്യതകളറിഞ്ഞ് പുതുസാമ്രാജ്യം കെട്ടിപ്പടുത്തതുമായ കഥകൾ പറഞ്ഞപ്പോൾ പല തലമുറകളായി നിറഞ്ഞ സദസ്സ് സാകൂതം കേട്ടിരുന്നു. ഇന്ത്യൻ കറൻസിയായ രൂപ വിനിമയം ചെയ്യുന്ന കാലം, ഇന്നു കാണുന്നത്ര സമൃദ്ധിയോ സാങ്കേതിക ഉയർച്ചയോ ഖത്തറിലെത്താത്ത നാളുകൾ, എയർകണ്ടീഷനുമൊന്നുമില്ലാത്ത നാളിൽ കെട്ടിടങ്ങൾക്ക് മുകളിൽ കിടന്ന് ചൂടിനെ തോൽപിച്ച് കെട്ടിപ്പടുത്ത ജീവിതം... അങ്ങനെ നീണ്ടുപോയ ജീവിതകഥ, കടലിനിക്കരെ പ്രവാസത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തിയ മലയാളിയുടെ ചരിത്രവിവരണം കൂടിയായി.
പ്രവാസജീവിതത്തിന്റെ 60 വർഷം പിന്നിട്ട 'അൽ മുഫ്ത റെന്റ് എ കാർ' മാനേജിങ് ഡയറക്ടർ എ.കെ. ഉസ്മാനെ ആദരിക്കാനായി എം.എസ്.എസ് ഖത്തർ ഘടകം സംഘടിപ്പിച്ച വേദിയായിരുന്നു തലമുറകളുടെ സംഗമത്തിന് സാക്ഷ്യംവഹിച്ചത്. ചെറിയ പല ജോലികൾ ചെയ്ത് ഇന്ന് കാണുന്ന 'അൽ മുഫ്താ റെന്റ് എ കാറും' മറ്റ് സ്ഥാപനങ്ങളും കെട്ടിപ്പടുത്തതും അക്കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളും പല തലമുറകളിലെ വ്യാപാര-വ്യവസായ പ്രമുഖർ നിറഞ്ഞ സദസ്സിന് മുമ്പാകെ വിവരിച്ചു.
എം.എസ്.എസ് ജനറൽ സെക്രട്ടറി ഫാസിൽ ഹമീദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.പി. ഷാഫി ഹാജി അധ്യക്ഷനായി. വ്യാപാര- വാണിജ്യ മേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും ചേർന്നാണ് ആദരവ് നൽകിയത്. എം.എസ്.എസ് പ്രശസ്തിപത്രം ഷഹീൻ ഷാഫി കൈമാറി. ഇ.പി. അബ്ദുറഹ്മാൻ പൊന്നാട അണിയിച്ചു . എം.എസ്.എസിന്റെ ഉപഹാരം ഷാഫി ഹാജി സമ്മാനിച്ചു. ചടങ്ങ് എം.ടി. ഹമീദ് നിയന്ത്രിച്ചു . എം.എസ്.എസ് സകാത് ഫണ്ട് വിനിയോഗത്തെക്കുറിച്ച് ട്രഷറർ ഹാഷിർ സദസ്സിന് വിശദീകരണം നൽകി.
അബ്ദുൽ കരീം (എം.ഇ.എസ്), ഉണ്ണി ഒളകര, അഹമ്മദ് പാതിരിപ്പറ്റ, ഇ.പി. അബ്ദുറഹ്മാൻ, സമദ് നരിപ്പറ്റ, മുസ്തഫ ഹാജി (സൗദി ഹൈപ്പർമാർക്കറ്റ്), ഡോ. സമദ്, ഷാനവാസ് ബാവ, കെ.എം.എസ്. ഹമീദ്, ഖലീൽ പരീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി റഈസ് അലി നന്ദി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

