ടൂറിസം, നിയമപരിഷ്കാരം, സാമ്പത്തിക മാനേജ്മെന്റ് രാജ്യം കൈവരിച്ചത് വൻ മുന്നേറ്റം
text_fieldsമനാമ: ടൂറിസം, നിയമനിർമാണം, ധനകാര്യം എന്നീ മേഖലകളിൽ രാജ്യം വൻമുന്നേറ്റം കൈവരിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതുമാണ് പുതിയ റിപ്പോർട്ട്. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അത്യാധുനിക സൗകര്യങ്ങളോടെ ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ, നവീകരിച്ച ഇന്റർനാഷനൽ സർക്യൂട്ട്, അൽ ദാന തിയറ്റർ എന്നീ പ്രധാന പദ്ധതികൾ കലാരംഗത്തും വിനോദ മേഖലയിലും പുതിയ നേട്ടം കൈവരിക്കാൻ സഹായകമായി. പുതിയ അന്താരാഷ്ട്ര ഹോട്ടലുകൾ ആരംഭിച്ചത് ഹോസ്പിറ്റാലിറ്റി രംഗത്തും രാജ്യത്തിന് കരുത്തേകിയതായും റിപ്പോർട്ട് വ്യക്തമാക്കി.
നിയമപരിഷ്കാരവുമായി ബന്ധപ്പെട്ട് 2,400ൽ അധികം ഉത്തരവുകളും നിയമങ്ങളുമാണ് പുറപ്പെടുവിച്ചത്. സാമ്പത്തിക-സാമൂഹിക വികസനം നടത്തുന്നതിലൂടെ പൗരസമൂഹത്തിന് കരുത്തേകുക എന്നതായിരുന്നു ലക്ഷ്യം. ഉപഭോക്തൃ സംരക്ഷണ നിയമം, പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമം, റിയൽ എസ്റ്റേറ്റ് റെഗുലേഷൻ നിയമം, വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം, ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങളു ടെലികമ്യൂണിക്കേഷനും എന്നിവ നടപ്പാക്കിയ നിയമങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
2018ൽ ആരംഭിച്ച ഫിനാൻഷ്യൽ ബാലൻസ് പ്രോഗ്രാം ലക്ഷ്യമിട്ട ആറ് കാര്യങ്ങളിൽ നാലെണ്ണവും കൈവരിക്കാൻ സാധിച്ചു. 2018ൽ 48.9 കോടി ദീനാർ ആയിരുന്ന എണ്ണയിതര വരുമാനം 2024ൽ 120 കോടി ദീനാറായി ഉയർന്നു. സർക്കാർ പ്രവർത്തനച്ചെലവുകളിൽ 12 ശതമാനം കുറവ് വരുകയും നിലവിലെ പൊതുകടം മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 109 ശതമാനമായി തുടരുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത് ഇനിയും കുറക്കാനുള്ള കർശന നടപടി ആലോചിക്കുന്നുണ്ട്.സാമ്പത്തിക വെല്ലുവിളികൾക്കിടയിലും പൗരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാർ തീരുമാനം. സ്വദേശികളുടെ പ്രാഥമിക താമസസ്ഥലങ്ങളിലെ വൈദ്യുതി, ജല നിരക്കുകളിൽ മാറ്റം വരുത്തില്ല. സർക്കാർ പിന്തുണ അർഹരിലേക്ക് കൃത്യമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമനിർമാണ സഭയുമായി പൂർണമായും ചേർന്നുപ്രവർത്തിക്കുമെന്നും കാബിനറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

