കേരളീയ സമാജത്തിൽ ഗംഗാപ്രവാഹമായി വയലിൻ നാദം
text_fieldsഗംഗ ശശിധരൻ പരിപാടി അവതരിപ്പിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം' വേദിയിൽ വയലിൻ നാദപ്രവാഹം തീർത്ത് ഗംഗ ശശിധരൻ. പതിനൊന്നുവയസ്സുകാരിയുടെ വയലിൻ കച്ചേരി സംഗീതാസ്വാദകർക്ക് അനിർവചനീയമായ അനുഭവമാണ് സമ്മാനിച്ചത്.
അഞ്ചാം വയസ്സിൽ വയലിൻ അഭ്യസിച്ചുതുടങ്ങിയ ഗംഗ തന്റെ ഗുരു സി.എസ്. അനുരൂപിന്റെ ശിക്ഷണത്തിൽ നേടിയെടുത്ത വൈഭവം ഓരോ രാഗത്തിലൂടെയും തെളിയിച്ചു. പശ്ചാത്തല സംഗീതത്തിൽ മികച്ച താളബോധം കൂടി ചേർന്നപ്പോൾ സദസ്സ് മുഴുവൻ വയലിൻ നാദത്തിൽ ലയിച്ചു. ചടുലമായ ഈണങ്ങളും ശാന്തമായ രാഗങ്ങളും മാറിമാറി വന്നപ്പോൾ, നിറഞ്ഞ സദസ്സ് കൈയടികളോടെയാണ് ഗംഗയെ പ്രോത്സാഹിപ്പിച്ചത്. ഭാവിയിലെ ഒരു വാഗ്ദാനമായി മാറാൻ ഈ കൊച്ചുകലാകാരിക്ക് കഴിയുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഈ കച്ചേരി.
പരിപാടി ആസ്വദിക്കാനെത്തിയവർ- ഫോട്ടോ : സത്യൻ പേരാമ്പ്ര
സഹപാഠികളായ കുട്ടികളെപ്പോലെ പാഠപുസ്തകങ്ങളിൽ മാത്രമൊതുങ്ങാതെ ഗംഗയുടെ ജീവിതം സംഗീതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് കുടുംബത്തിന്റെ പിന്തുണയോടെയാണ്. സംഗീതത്തിന് ഭാഷയില്ലെന്നും വയലിനിലൂടെ അത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് എത്തുമെന്നും ഗംഗ തെളിയിച്ചതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ഈശ്വരൻ നൽകിയ വരദാനമാണ് ഗംഗയുടെ കഴിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് തുടങ്ങിയവർ ഏകോപനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രാജീവ് കുമാർ മിശ്ര, യൂനികോ ബഹ്റൈൻ സി.ഇ.ഒ ജയശങ്കർ വിശ്വനാഥൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

