ആസ്വാദകർക്ക് ആവേശമായി സോപാനം വാദ്യസംഗമം സമാപിച്ചു
text_fieldsസോപാനം വാദ്യസംഗമത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം എന്നിവർ ചിത്രം: സത്യൻ പേരാമ്പ്ര
മനാമ: പ്രവാസലോകത്തെ മറ്റൊരു പൂരപ്പറമ്പാക്കി സോപാനം വാദ്യസംഗമം 2025ന് കൊടിയിറങ്ങി. നാടിന്റെ താളസ്പന്ദനം കേട്ടറിയാൻ പതിനായിരത്തിലധികം കാണികൾ അദാരി പാർക്ക് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. സോപാനം വാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കാണികൾക്ക് വിസ്മരിക്കാനാവാത്ത ദൃശ്യവിരുന്നായിരുന്നു.
വൈകീട്ട് കൃത്യം നാലിനുതന്നെ 50 മീറ്റർ നീളമുള്ള വേദിയിൽ തായമ്പകയുടെ യുവപ്രതിഭകളും സംഘവും തായമ്പകകൊട്ടി വാദ്യസംഗമത്തിനു ആരംഭംകുറിച്ചു. തുടർന്ന് നൂറിൽപരം നർത്തകരുടെ വർണോത്സവം നൃത്തപരിപാടി അരങ്ങേറി. താലപ്പൊലിയും മുത്തുക്കുടകളും വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്ന വർണാഭമായ സ്വീകരണ ഘോഷയാത്ര നടന്നു.
ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, കോൺവെക്സ് ചെയർമാൻ അജിത് നായർ, ഏലൂർ ബിജു, സംഗീതജ്ഞൻ അമ്പിളിക്കുട്ടൻ, ഫോഗ് സി.ഇ.ഒ ബിംഗ്ലി ചന്ദ്രൻ, സനൽ കുമാർ നീലേശ്വരം, ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ എന്നിവർ വേദിയിൽ സന്നിഹിതരായി. സംഗീതലോകത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് സോപാനം സംഗീതരത്നം പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ അമ്പിളിക്കുട്ടന് സമർപ്പിച്ചു.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഗായിക ലതിക ടീച്ചറെ ആദരിച്ചു. എഴുപതിൽ പരം സോപാനഗായകർ പങ്കെടുത്ത ആദ്യ വിദേശ സോപാന അരങ്ങ് ശ്രദ്ധേയമായി. ഇന്ത്യക്കുപുറത്ത് ഏറ്റവും കൂടുതൽ കലാകാരന്മാർ അണിനിരന്ന സോപാന സംഗീതം, ഏറ്റവും കൂടുതൽ വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം, ഭാരതത്തിനു പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേള കലാഅരങ്ങ്, ഏറ്റവും വലിയ വേദി തുടങ്ങി നിരവധി അപൂർവതകൾ വാദ്യസംഗമം 2025നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

