‘റോബ്ലോക്സ്’ ഗെയിമിങ് പ്ലാറ്റ്ഫോം രാജ്യത്ത് നിരോധിക്കണം
text_fieldsമനാമ: കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ ‘റോബ്ലോക്സ്’ രാജ്യത്ത് നിരോധിക്കണമെന്ന നിർദേശവുമായി പാർലമെന്റ് അംഗം ഹമദ് അൽ ദോയ്. ഖത്തറും ഒമാനും ‘റോബ്ലോക്സ്’ നിരോധിച്ചതിന് പിന്നാലെയാണ് ബഹ്റൈനിലും സമാനമായ നീക്കത്തിന് ഒരുങ്ങുന്നത്.
റോബ്ലോക്സുമായി ബന്ധപ്പെട്ട് ദിനംപ്രതി വരുന്ന പരാതികളും കുട്ടികൾക്ക് നേരെ നടക്കുന്ന ചൂഷണങ്ങളും അപരിചിതരുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കങ്ങളും ചൂണ്ടിക്കാട്ടിയാണ് അൽ ദോയ് ഈ നടപടിക്ക് തയാറെടുക്കുന്നത്. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചെന്നും ഉടൻ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സ്വന്തമായി നിർമിക്കുന്ന ഗെയിമുകളുള്ള ഒരു ‘വിർച്വൽ ലോകം’ എന്നാണ് ഗാർഡിയൻ റോബ്ലോക്സിനെ വിശേഷിപ്പിച്ചത്. എന്നാൽ, തുറന്ന പ്ലാറ്റ്ഫോമായതിനാൽ മാരകമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഖത്തറിലും ഒമാനിലുമുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കിയുടെ റിപ്പോർട്ട് അനുസരിച്ച്, റോബ്ലോക്സുമായി ബന്ധപ്പെട്ട വ്യാജ ഫയലുകൾ ഉപയോഗിച്ച് ക്രിമിനലുകൾ മാൽവെയർ പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. 2024ൽ മാത്രം ഇത്തരം 16 ലക്ഷത്തിലധികം ആക്രമണശ്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉൾക്കൊള്ളാൻ കഴിയാത്ത ഉള്ളടക്കത്തെയും ഓൺലൈൻ ചൂഷണത്തെയും കുറിച്ചുള്ള മാതാപിതാക്കളുടെ പരാതികളെതുടർന്ന് യു.എ.ഇ 2018ൽ ഈ ഗെയിം നിരോധിച്ചിരുന്നു. ജോർഡനും റോബ്ലോക്സിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം എട്ടുമുതൽ 18 വയസ്സുവരെയുള്ള ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഒരു പ്ലാറ്റ്ഫോമാണ് ‘റോബ്ലോക്സ്’. ആൻഡ്രോയിഡ്, ഐ.ഒ.എസ്, പി.സി, എക്സ്ബോക്സ് വൺ എന്നിവയിൽ ഇത് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

