ഡെലിവറി ഡ്രൈവർമാരെ കടിഞ്ഞാണിടാൻ സർക്കാർ; നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsമനാമ: മോട്ടോർ സൈക്കിളിൽ ഡെലിവറി നടത്തുന്നവരുടെ നിയമ ലംഘനങ്ങൾക്കെതിരെ നിയമം കർശനമാക്കാൻ നൽകിയ നിർദേശത്തിന് പാർലമെന്റിന്റെ അംഗീകാരം. നിരന്തരമായി ഇവർ നിയമം ലംഘിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മർയം അൽ ദഈനാണ് നിർദേശം പാർലമെന്റിലുന്നയിച്ചത്. എം.പി ഹസൻ ബുഖമ്മാസ് അധ്യക്ഷനായ പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി അംഗീകരിച്ച ശിപാർശ പാർലമെന്റ് പ്രതിവാര സമ്മേളനത്തിൽ ചർച്ചക്ക് വെക്കുകയും വോട്ടിനായി അഭ്യർഥിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് വിഷയം എം.പിമാർ ഏകകണ്ഠമായി അംഗീകരിച്ചത്. മോട്ടോർ സൈക്ൾ ഡെലിവറി ഡ്രൈവർമാർ പലപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് വാഹനമോടിക്കുന്നത്. നടപ്പാതകളും മറ്റ് ഇടവഴികളും ഇവർ വാഹനമോടിക്കാനായി ഉപയോഗിക്കുന്നു. ഇത് പൊതുസുരക്ഷയെയും കാൽനടയാത്രക്കാരുടെ ജീവനെയും ബാധിക്കുന്നതായും ഡോ. അൽ മർയം അൽ ദഈൻ നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ ഓർഡർ ചെയ്യപ്പെടുന്ന ഭക്ഷണങ്ങൾ ഇത്തരം ഡ്രൈവർമാരിൽ ചിലർ തുറന്ന് കഴിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവണതകൾക്കെതിരെയും നിയമം കർശനമാക്കണമെന്നും ഫുഡ് ഡെലിവറി സംവിധാനത്തിൽ പ്രഫഷനലിസം കൊണ്ടുവരണമെന്നും നിർദേശത്തിലുണ്ട്. രാജ്യത്തെ ഡെലിവറി കമ്പനികളെ ഫുഡ് മോണിറ്ററിങ് മാനുവലിലും ബോധവത്കരണ കാമ്പെയ്നുകളിലും മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തണമെന്നും അവർ ചൂണ്ടിക്കാട്ടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ കണക്കുകൾ പ്രകാരം 2023ൽ 4188 ഡെലിവറി ഡ്രൈവർമാരുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2022ൽ 3932ഉം, 2021ൽ 3227ഉം 2020ൽ 2378ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 2023ൽ മാത്രം 364 മോട്ടോർ സൈക്കിളുകൾ ഗുരുതര നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് കണ്ടുകെട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

