തുർക്കിയയിൽ അറസ്റ്റിലായ യുവതിയുടെ കേസ് നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം
text_fieldsമനാമ: തുർക്കിയയിൽ അറസ്റ്റിലായ ബഹ്റൈൻ യുവതിയുടെ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലേക്ക് തിരിച്ചുവരാൻ സഹായം തേടി യുവതി സമൂഹ മാധ്യമങ്ങളിലൂടെ അധികൃതരോട് അഭ്യർഥന നടത്തിയിരുന്നു.
യുവതി തുർക്കിയയിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടതായി മേയ് 24നാണ് പിതാവ് അങ്കാറയിലെ ബഹ്റൈൻ എംബസിയെ അറിയിച്ചത്. കേസ് തുടർ നടപടികൾക്കായി മാറ്റിവെച്ച് പിന്നീട് യുവതിയെ വിട്ടയച്ചു.
അതിനിടെ, സെപ്റ്റംബർ 29ന് കേസിൽ വാദം കേൾക്കുന്നതുവരെ യുവതിക്ക് യാത്രവിലക്ക് ഏർപ്പെടുത്തി തുർക്കിയ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
അറസ്റ്റ് ചെയ്ത സമയം മുതൽ ബഹ്റൈൻ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുവതിക്കെതിരായ കുറ്റം എന്തെന്നറിയാനും കേസിൽ നടപടികൾ വേഗത്തിലാക്കാനും തുർക്കിയ അധികൃതരെ ബന്ധപ്പെടുകയും ചെയ്തു.
യുവതിക്ക് നിയമസഹായത്തിനായി അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നുവെന്നും ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
യുവതിയുടെയും സഹോദരന്റെയും തിരിച്ചറിയൽ രേഖകൾ മോഷ്ടിക്കപ്പെട്ടതായി കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കേസ് തീർപ്പായാൽ യുവതിയുടെ തിരിച്ചു വരവ് സുഗമമാക്കാൻ താൽക്കാലിക പാസ്പോർട്ട് നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

