ബഹ്റൈനിൽ ചുരുങ്ങിയ വിദേശ നിക്ഷേപം 3,50,000 ദീനാർ
text_fieldsമനാമ: ബഹ്റൈനിൽ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾ ചുരുങ്ങിയത് 3,50,000 ദീനാർ (ഏകദേശം ഏഴു കോടി രൂപ) നിക്ഷേപിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. സ്വദേശി സംരംഭകർ അന്യായമായ മത്സരം നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. 2001ലെ കമ്പനികാര്യ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശമാണ് എം.പിമാർ കഴിഞ്ഞദിവസം അംഗീകരിച്ചത്. ഏതു തരത്തിലുമുള്ള വിദേശ നിക്ഷേപവും ആകർഷിക്കുക എന്നതായിരിക്കരുത് നയമെന്ന് എം.പിമാർ അഭിപ്രായപ്പെട്ടു. എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം വിദേശ നിക്ഷേപം. 3,50,000 ദീനാർ എന്നത് യുക്തിസഹമായ തുകയാണെന്നും എം.പി ഡോ. ഹിഷാം അൽ അഷീരി പറഞ്ഞു. യഥാർഥ നിക്ഷേപകർ മാത്രം രാജ്യത്തേക്കു വരുന്നു എന്ന് ഇതുവഴി ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'തങ്ങൾ വിദേശ നിക്ഷേപത്തിന് എതിരല്ല. പക്ഷേ, കഴിഞ്ഞ കാലങ്ങളിൽ നിരവധി കേസുകളിൽ തെറ്റായ രീതിയിലാണ് കാര്യങ്ങൾ സംഭവിച്ചത്. ഒരു തിരുത്തൽ നടപടിക്കുള്ള മാർഗമാണ് ഇപ്പോഴത്തെ നീക്കം' -അദ്ദേഹം പറഞ്ഞു. ബിനാമി ഇടപാടുകൾ വഴി രാജ്യം ഒട്ടേറെ പ്രയാസം നേരിടുകയാണെന്ന് എം.പി മുഹമ്മദ് ബുഹമൂദ് പറഞ്ഞു. െഫ്ലക്സി വിസയിൽ കഴിയുന്ന പ്രവാസികൾ സ്വദേശികളുടെ ബിസിനസ് തട്ടിയെടുത്ത് വിപണിയെ തളർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ വിദേശികൾ ഇവിടെവന്ന് പുതിയ സ്ഥാപനങ്ങൾ തുറന്ന് സ്വദേശികളുമായി മത്സരിക്കുന്ന സ്ഥിതിയാണ്. അതിനാൽ, വിദേശ നിക്ഷേപത്തിന് ചുരുങ്ങിയ പരിധി ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്.
22 എം.പിമാർ നിർദേശത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഒരാൾ എതിർത്തപ്പോൾ അഞ്ചു പേർ വിട്ടുനിന്നു. സാമ്പത്തിക, ധനകാര്യ സമിതി അധ്യക്ഷൻ അഹ്മദ് അൽ സല്ലൂമിന്റെ എതിർപ്പ് പരിഗണിക്കാതെയാണ് എം.പിമാർ ഭേദഗതി നിർദേശം പാസാക്കിയത്. ഇത്തരമൊരു നീക്കം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് തടസ്സമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ശൂറ കൗൺസിൽ അവതരിപ്പിച്ച സമഗ്ര നിക്ഷേപ നിയമം സമിതിയുടെ പരിഗണനയിലാണെന്നും വിദേശ നിക്ഷേപത്തിന് ചുരുങ്ങിയ പരിധി അതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

