തലമുറകളിലേക്ക് പകരുന്ന നബിസ്നേഹത്തിന്റെ വെളിച്ചം
text_fieldsഒരു വിശ്വാസിയുടെ ഹൃദയത്തിൽ ഒരിക്കലും മങ്ങാത്ത പ്രകാശമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) യോടുള്ള സ്നേഹവും ആദരവും. മാനവികതയുടെ വെളിച്ചമായി ലോകത്തിലേക്ക് കടന്നുവന്ന അന്തിമ പ്രവാചകന്റെ ജീവിതം എക്കാലത്തെയും മനുഷ്യർക്ക് ഉത്തമ മാതൃകയാണ്. സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും പ്രതീകമായ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ കോടിക്കണക്കിന് മനുഷ്യർ ലോകമെമ്പാടും പിന്തുടരുന്നു.
കേരളത്തിലെ മുസ്ലിം സമൂഹത്തിന് നബിദിനാചരണത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. മദ്റസയിൽ പഠിച്ചിരുന്ന ബാല്യകാലത്ത് പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ഓർമ്മകൾ ഇന്നും മനസ്സിലുണ്ട്. പ്രത്യേകിച്ച് ഉസ്താദ് അബ്ദുന്നാസർ മഅ്ദനിയുടെ പ്രഭാഷണങ്ങൾ നബിസ്നേഹം മനസ്സിൽ ആഴത്തിൽ പതിപ്പിച്ചു. മക്കളിലൂടെ വീണ്ടും വിരിയുന്ന ആ സ്നേഹം കാലം മുന്നോട്ടു നീങ്ങിയപ്പോൾ സ്വന്തം മകൻ മദ്ഹ് ഗാനങ്ങളും ഖുർആൻ പാരായണവും അഭ്യസിക്കുന്നത് കാണാൻ കഴിഞ്ഞത് വലിയൊരു സന്തോഷമായി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കൂട്ടുകാർ ചേർന്ന് ചെറിയ ആത്മീയ സദസ്സുകളും മൗലിദ് പാരായണങ്ങളും സംഘടിപ്പിക്കാൻ സാധിച്ചു. ഇത്തരം കൂട്ടായ്മകൾ മനസ്സിന് വലിയ ആശ്വാസമാണ് നൽകുന്നത്.
നബിദിനം വെറുമൊരു അനുസ്മരണദിനം മാത്രമല്ല; പ്രവാചകന്റെ സന്ദേശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താനുള്ള വലിയൊരു അവസരം കൂടിയാണ്. സ്നേഹവും കരുണയും നിറഞ്ഞ ആ ജീവിതം മാതൃകയാക്കി ജീവിക്കാൻ കഴിയുക എന്നതാണ് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ ഭാഗ്യം. ആ നന്മയുടെ വെളിച്ചം വരും തലമുറകളിലേക്ക് പകരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

