നിയമക്കുരുക്കിൽ തളർന്ന പ്രവാസി ജീവിതം
text_fieldsസന്ദീപ് പ്രവാസി ലീഗൽ സെൽ ഭാരവാഹികൾക്കൊപ്പം
സന്ദീപിന് തുണയായി പ്രവാസി ലീഗൽ സെൽ
മനാമ: ബിസിനസ് തകർച്ചയും നിയമക്കുരുക്കുകളും മൂലം ബഹ്റൈനിൽ ദുരിതത്തിലായ മാഹി സ്വദേശി സന്ദീപ് തുണ്ടിയിലിനും കുടുംബത്തിനും പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ബഹ്റൈൻ ചാപ്റ്ററിന്റെ ഇടപെടലിലൂടെ മോചനം. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ഒടുവിൽ സന്ദീപ് നാട്ടിലേക്ക് മടങ്ങി.
2011ലാണ് സ്വന്തമായി ബിസിനസ് എന്ന സ്വപ്നവുമായി സന്ദീപ് ബഹ്റൈനിൽ എത്തിയത്. എന്നാൽ, ബിസിനസ് നഷ്ടത്തിലായതോടെ ജീവിതം പ്രതിസന്ധിയിലായി. ഒന്നിലധികം സാമ്പത്തിക കേസുകളിൽ അകപ്പെട്ടതോടെ സന്ദീപിനും ഭാര്യക്കും മകൾക്കും വിസ പുതുക്കാൻ പോലും കഴിയാത്ത സാഹചര്യം വന്നു. നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ നിസ്സഹായാവസ്ഥയിലായ കുടുംബത്തിന്റെ വാർത്തയറിഞ്ഞ പ്രവാസി ലീഗൽ സെൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ സന്ദീപിന്റെ ഭാര്യയുടെയും മകളുടെയും യാത്ര കഴിഞ്ഞ ആഗസ്റ്റിൽ സംഘടന സാധ്യമാക്കിയിരുന്നു. തുടർന്ന് സന്ദീപിനെതിരെയുള്ള കേസുകൾ നിയമപരമായി നേരിടുകയും യാത്രാ തടസ്സങ്ങൾ നീക്കുകയുമായിരുന്നു.
സന്ദീപിന്റെ കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചുപോകാൻ എല്ലാ സഹായവും നൽകിയ ഇന്ത്യൻ എംബസി അധികൃതർക്കും നിയമസഹായം നൽകിയ അഡ്വ. താരീഖ് അൽ ഒവാനും സന്ദീപിന് താമസവും ഭക്ഷണവും ഒരുക്കിയ സിഖ് ഗുരുദ്വാര അധികൃതർക്കും പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പി.ആർ.ഒയുമായ സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.
പ്രവാസലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അർഹമായ സഹായം നൽകാൻ പ്രവാസി ലീഗൽ സെൽ എന്നും മുൻപന്തിയിലുണ്ടാകുമെന്ന് ചാപ്റ്റർ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ് വ്യക്തമാക്കി. സന്ദീപിന്റെ മോചനം സംഘടനയുടെ നിരന്തരമായ പരിശ്രമത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

