ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമം ആധുനീകരിക്കണം
text_fieldsമനാമ: ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന ബഹ്റൈനിലെ നിയമ ചട്ടക്കൂടുകൾ ആധുനികവത്കരിക്കാനുള്ള സുപ്രധാന നിയമനിർമാണ നിർദേശം ശൂറാ കൗൺസിലിന്റെ ഞായറാഴ്ചത്തെ പ്രതിവാര സെഷനിൽ വോട്ടിനായി പരിഗണിക്കും.
ഹ്യൂമൻ മെഡിസിൻ ആൻഡ് ഡെന്റിസ്ട്രി പ്രാക്ടീസ് സംബന്ധിച്ച 1989ലെ ഡിക്രി-ലോ നമ്പർ (7)-ൽ വരുത്തുന്ന ഈ മാറ്റങ്ങൾ, നിലവിലെ നിയമങ്ങളെ ആധുനിക മെഡിക്കൽ ഡയഗ്നോസ്റ്റിക്സുകൾ, ശരീയത്ത് തത്വങ്ങൾ, മറ്റ് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ എന്നിവയുമായി യോജിപ്പിക്കുന്നതാണ്. ആർട്ടിക്കിൾ (19) പരിഷ്കരിക്കുന്നതിലൂടെ ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള നിയമപരമായ കാരണങ്ങൾ ഈ ഭേദഗതി വിപുലീകരിക്കുന്നു.
ഗർഭം തുടരുന്നത് അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം, ഗർഭസ്ഥ ശിശുവിന് ജനിച്ച് കഴിഞ്ഞാൽ അതിജീവനം സാധ്യമല്ലാതാക്കുന്നതോ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതോ ആയ കടുത്ത വൈകല്യങ്ങൾ എന്നിവ മെഡിക്കൽ കമ്മിറ്റി സ്ഥിരീകരിക്കുമ്പോളാണ് ഗർഭച്ഛിദ്രത്തിന് അനുമതിയുണ്ടാവുക.
ഈ സാഹചര്യത്തിൽ 120 ദിവസത്തിൽ കൂടുതൽ ഗർഭത്തിന് പഴക്കം ഉണ്ടാകരുത് എന്ന് വ്യവസ്ഥയുമുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിലും നടപടിക്രമങ്ങൾ നടപ്പിലാക്കാൻ കർശനമായ വ്യവസ്ഥകൾ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് കൺസൾട്ടന്റ് ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു മെഡിക്കൽ കമ്മിറ്റിയുടെ ശുപാർശ ആവശ്യമാണ്.
അംഗീകൃത ആശുപത്രിയിൽ മാത്രമേ നടപടിക്രമം നടത്താൻ പാടുള്ളൂ. സ്ത്രീയുടെ രേഖാമൂലമുള്ള സമ്മതം, അല്ലെങ്കിൽ ചില പ്രത്യേക കേസുകളിൽ ഭർത്താവിന്റെയോ രക്ഷിതാവിന്റെയോ സമ്മതം. അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മെഡിക്കൽ മാനദണ്ഡങ്ങൾ, കമ്മിറ്റി ആവശ്യകതകൾ, നടപടിക്രമങ്ങൾ എന്നിവ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ പിന്നീട് വ്യക്തമാക്കും.
ഈ നിർദേശം ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ അധിഷ്ഠിതമാണെന്ന് ശൂറാ കൗൺസിൽ വനിതാ-ശിശു സമിതി വൈസ് ചെയർപേഴ്സൺ ലീന ഖാസിം പറഞ്ഞു.
ഇത് സൗകര്യത്തിനനുസരിച്ചുള്ള ഗർഭച്ഛിദ്രത്തിന് വഴിയൊരുക്കുന്നില്ല. പകരം, അമ്മയുടെ ജീവൻ സംരക്ഷിക്കുന്നതിനും, 120 ദിവസത്തിന് മുമ്പ് സ്ഥിരീകരിച്ച ഗുരുതരമായ ഭ്രൂണ വൈകല്യങ്ങളുടെ കേസുകളിലും ശരീയത്തും ബഹുമാനിക്കപ്പെടുന്ന കർമ്മശാസ്ത്ര സ്ഥാപനങ്ങളും അനുവദിച്ചിട്ടുള്ള ഇടപെടലുകൾ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്.
ഇത് നമ്മുടെ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമല്ല, മറിച്ച് മാനുഷികവും ഉത്തരവാദിത്തമുള്ളതുമായ ഒരു പരിഷ്കരണമാണെന്നും ഖാസിം വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ നിയമസമീപനങ്ങളെ ഈ നിർദേശങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ട്.
ഈ രാജ്യങ്ങളെല്ലാം അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോഴോ ഭ്രൂണത്തിന് ഗുരുതരമായ വൈകല്യമുണ്ടാകുമ്പോഴോ ഗർഭച്ഛിദ്രം അനുവദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

