മീൻപിടിത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കും -മന്ത്രി
text_fieldsമനാമ: മീൻപിടിത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി. പ്രഫഷനൽ ഫിഷർമെൻസ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നിയമങ്ങൾ പാലിക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും എല്ലാവരും പ്രതിജ്ഞാബദ്ധമാണ്. മത്സ്യസമ്പത്തിൽ കുറവ് വരാത്തവിധം മീൻപിടിത്തം ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിനായി മന്ത്രാലയം നടപ്പാക്കുന്ന നിയമങ്ങൾ യഥാവിധി പാലിക്കാൻ മീൻപിടിത്തക്കാർ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും മന്ത്രാലയത്തോടൊപ്പമുണ്ടാകുമെന്ന് പ്രഫഷനൽ ഫിഷർമെൻസ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽഅമീർ അൽ മഗ്നി, മന്ത്രാലയത്തിലെ കാർഷിക, മൃഗസമ്പദ് മേധാവി ഡോ. ഖാലിദ് അഹ്മദ് ഹസൻ, സമുദ്ര നിരീക്ഷണ വിഭാഗം ഡയറക്ടർ ഖാലിദ് അശ്ശീറാവി, മത്സ്യ സമ്പദ് വിഭാഗം മേധാവി ഹുസൈൻ മക്കി എന്നിവരും സന്നിഹിതരായിരുന്നു.