ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം -ഐ.സി.എഫ്
text_fieldsഐ.സി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനം നടത്തുന്നു
മനാമ: ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം സമഗ്രമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഐ.സി.എഫ്. എസ്.വൈ.എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ ലോകത്ത് `ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവർ' എന്ന പ്രമേയത്തിൽ ആയിരം ഇടങ്ങളിൽ നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങൾ ഇത്തരത്തിലുള്ള ചർച്ചകൾക്ക് വേദി തുറക്കുമെന്നും ഐ.സി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2024 നവംബർ 7,8,9,10 തീയതികളിലാണ് സമ്മേളനങ്ങൾ നടക്കുക. 2018ൽ 85,092 കോടി രൂപയാണ് പ്രവാസി പണമായി കേരളത്തിലെത്തിയതെങ്കിൽ 2023ൽ അത് 2.16 ലക്ഷം കോടിയായി ഉയർന്നു.
ലോകബാങ്കിന്റെ കണക്കു പ്രകാരം 2023ൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയക്കൽ 10.38 ലക്ഷം കോടി രൂപയാണ്. സാമ്പത്തികമായി വലിയ സംഭാവന നൽകുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നൽകുന്നുവെന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. ഗൾഫ് പ്രവാസത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചിട്ടും അതേക്കുറിച്ചുള്ള ആവിഷ്കാരങ്ങളിൽ ആ തോതിലുള്ള പങ്കുവെക്കലുകൾ ഉണ്ടായിട്ടുണ്ടോയെന്നും ഗൗരവപൂർവം ആലോചിക്കേണ്ടതുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി 1950കളിൽ പ്രവാസം നടത്തിയവരെക്കുറിച്ചുള്ള അന്വേഷണവും നടക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എല്ലാ യൂനിറ്റുകളും ഒരു സാന്ത്വന സേവന പ്രവർത്തനം ഏറ്റെടുത്തു നടത്തും. `സ്പർശം' എന്ന പേരിലുള്ള പദ്ധതിയിൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്കകത്ത് നിന്നുകൊണ്ടുള്ള വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങളാണ് നടത്തുക.
സമ്മേളനത്തിന്റെ സ്മാരകമായി `രിഫായി കെയർ' എന്ന പേരിൽ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാൻ ആവശ്യമായ ബോധവത്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തിരഞ്ഞെടുത്ത 1000 കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതുമാണ് പദ്ധതി.
മാസത്തിൽ 2,500 ഇന്ത്യൻ രൂപ വീതം ഒരു വർഷം 30,000 രൂപ നൽകുന്ന ഈ പദ്ധതിയിൽ ഐ.സി.എഫ് ഘടകങ്ങൾ മൂന്നുകോടി രൂപ വിനിയോഗിക്കും. ബഹ്റൈൻ ഐ.സി.എഫിന്റെ 45ാം വാർഷികത്തിന്റെ ഭാഗമായി പ്രവാസത്തിൽ നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ 45 പേരെ യൂനിറ്റ് സമ്മേളന വേദികളിൽ ആദരിക്കും.
ഐ.സി.എഫ് സമൂഹത്തിനുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ വിശദീകരിക്കുന്ന കൊളാഷ് പ്രദർശനവും ഉണ്ടാകും. ഏറ്റവും നല്ല സംഘാടനം നടത്തിയ യൂനിറ്റിനും ഏറ്റവും ആകർഷകമായ സാന്ത്വന പ്രവർത്തനം നടത്തിയ യൂനിറ്റിനും ജനസമ്പർക്ക പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യൂനിറ്റിനും മെറിറ്റ് അവാർഡ് നൽകും.
സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചുവരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ കാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ എം.സി. അബ്ദുൽ കരീം, കെ.പി. മുസ്തഫ ഹാജി, റഫീഖ് ലത്തീഫി, ഷമീർ പന്നൂർ, സിയാദ് വളപട്ടണം, ശിഹാബുദ്ദീൻ സിദ്ദീഖി, ഷംസു പുകയിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

