പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ നൽകിയ റിട്ട് ഹൈകോടതി ഫയലിൽ സ്വീകരിച്ചു
text_fieldsമനാമ: പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈകോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റീഷൻ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ കേരള സർക്കാർ നോർക്ക വകുപ്പിനും കേരള ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി. 62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം ‘കേരള പ്രവാസി ക്ഷേമപദ്ധതി, 2009’ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന തീരുമാനത്തിനെതിരെയായിരുന്നു റിട്ട് സമർപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേരള ഹൈകോടതി ജസ്റ്റിസ് സി.എസ്. ഡയസ്സിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് അവധിക്കു ശേഷം ജൂൺ 13ന് വീണ്ടും പരിഗണിക്കും.
2009ലെ കേരള പ്രവാസി ക്ഷേമപദ്ധതി വകുപ്പ് 21 പ്രകാരം വരിസംഖ്യ കുടിശ്ശിക വരുത്തി പദ്ധതി അംഗത്വം നഷ്ടപ്പെടുന്ന പ്രവാസി, മുടക്കം വരാനുള്ള കാരണങ്ങൾ യുക്തിസഹമായി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ ബോധ്യപ്പെടുത്തിയാൽ അംഗത്വം വീണ്ടെടുക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ, ഈ വ്യവസ്ഥ അവഗണിച്ചുകൊണ്ട് 62 വയസ്സ് പിന്നിട്ട ആർക്കും അംഗത്വം വീണ്ടും നൽകേണ്ടെന്ന തീരുമാനത്തെയാണ് ഹരജി ചോദ്യം ചെയ്യുന്നത്.
ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയെയും ക്ഷേമനിധി സി.ഇ.ഒയെയും നേരിട്ടുകണ്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയെങ്കിലും തീരുമാനം മാറ്റാൻ ബോർഡോ സർക്കാറോ തയാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കാൻ പ്രവാസി ലീഗൽ സെൽ തീരുമാനിച്ചത്. കോടതി ഉത്തരവ് അനുകൂലമായാൽ ക്ഷേമ ബോർഡിന്റെ ചട്ടവിരുദ്ധമായ തീരുമാനപ്രകാരം അംഗത്വം നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികൾക്ക് അംഗത്വം പുനഃസ്ഥാപിച്ചുകിട്ടാനുള്ള സാഹചര്യമുണ്ടാകും. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ് പി. ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസന്റ് എന്നിവർ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

