ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി
text_fieldsഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. 46ാമത് അറബ് ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായെത്തിയതായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന കരാറുകൾ ഒപ്പുവെക്കുന്നതിന് കൂടിക്കാഴ്ച സാക്ഷ്യം വഹിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പിന്തുണയോടെ വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഉഭയകക്ഷിബന്ധം ദൃഢമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് കിരീടാവകാശി എടുത്തുപറഞ്ഞു.
ഇരുരാജ്യങ്ങൾക്കും ജനങ്ങൾക്കും പ്രയോജനപ്പെടുന്ന ഗുണമേന്മയുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഈ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
ആഗോള സമാധാനവും പ്രാദേശിക സുരക്ഷയും ഉറപ്പിക്കുന്നതിൽ ഇറ്റലി വഹിക്കുന്ന പങ്കിനെ കിരീടാവകാശി പ്രശംസിച്ചു. സഹിഷ്ണുത, സഹവർത്തിത്വം, മാനുഷിക സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചയിൽ കപ്പൽ നിർമാണ മേഖലയിലെ ചില നിർണായ കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു. കപ്പൽ നിർമാണത്തിലും മറൈൻ എഞ്ചിനീയറിങ്ങിലുമുള്ള സഹകരണത്തിനായി അറബ് ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ യാർഡ് കമ്പനിയും (അസ്രി) ഇറ്റാലിയൻ കമ്പനിയായ ഫിൻകാന്റിയെരിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കൂടാതെ ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ഒരു സ്മാർട്ട് ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും അസ്രിയും ഇറ്റാലിയൻ കമ്പനിയായ റോബോസെയും തമ്മിൽ ഒപ്പുവെച്ചു. കിരീടാവകാശിയുടെയും മെലോണിയുടെയും സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്.
മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, പ്രധാനമന്ത്രിയുടെ കോർട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

