ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 800 മില്യൺ ദീനാർ വകയിരുത്തി സർക്കാർ
text_fieldsമനാമ: രാജ്യത്തെ ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 800 മില്യൺ ദീനാർ വകയിരുത്തി സർക്കാർ. ഈ മേഖലയിൽ പ്രഖ്യാപിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. വരാനിരിക്കുന്ന 2025-26ലെ നാഷനൽ ബജറ്റിലുൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഗുദൈബിയയിലെ നാഷനൽ അസംബ്ലി കോംപ്ലക്സിൽ നടന്ന ഉന്നതതല സർക്കാർ-നിയമനിർമാണ യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
ബഹ്റൈനിൽ ഏകദേശം 47,600 കുടുംബങ്ങൾ ഭവനങ്ങൾക്കായോ അറ്റകുറ്റപ്പണികൾക്കായോ കാത്തിരിക്കുന്നുണ്ട്. ദീർഘകാലമായുള്ള ഭവന ആവശ്യകതയെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിക്ഷേപം. പൗരന്മാർക്ക് സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമായി സുസ്ഥിര ഭവന സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്നും രാജ്യത്തെ പ്രധാന പ്രതിസന്ധിയായിരുന്ന ഭവന ആവശ്യകതയെ സാക്ഷാത്കരിക്കുകയാണിതെന്നും ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കാനും കാലതാമസമില്ലാതെ പരിഹാരങ്ങൾ കാണാനുമായി സ്വകാര്യ ഡെവലപ്പർമാരുമായി സഹകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സേവനങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളും ബജറ്റിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

