കനക സിംഹാസനവും കണ്ണീർമഴയും
text_fieldsഫുട്ബാൾ ഒരു വികാരമാണെങ്കിൽ, എന്റെ ലോകകപ്പ് ഓർമ്മകൾ ബ്രസീലിന്റെ കടുംമഞ്ഞ ജേഴ്സിയോട് ചേർന്നുനിൽക്കുന്നതാണ്. അതിൽ ഏറ്റവും മനോഹരമായ അധ്യായം 2002-ലേതാണ്. റൊണാൾഡോയുടെ വിചിത്രമായ ഹെയർസ്റ്റൈലും അദ്ദേഹത്തിന്റെ മാന്ത്രിക ബൂട്ടുകളും ചേർന്നൊരുക്കിയ ആ ലോകകപ്പ്. ഫൈനലിൽ ഒലിവർ കാന്റെ ജർമ്മൻ കോട്ട തകർത്ത് റൊണാൾഡോ ഇരട്ടഗോൾ നേടിയപ്പോൾ, കാനറികൾ അഞ്ചാം തവണയും ലോകകിരീടത്തിൽ ചുംബിച്ചപ്പോൾ അനുഭവിച്ച ആവേശം ഇന്നും സിരകളിലുണ്ട്.
എന്നാൽ, ഫുട്ബാൾ എപ്പോഴും മധുരം മാത്രമല്ലല്ലോ. 2014-ൽ സ്വന്തം മണ്ണിൽ വെച്ച് അതേ ജർമ്മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ബ്രസീൽ തകർന്നടിഞ്ഞപ്പോൾ നെഞ്ച് തകർന്നുപോയി. തോൽവികളുണ്ടാകാം, എന്നാൽ അങ്ങനെയൊന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതേയില്ല. ഇനിയിപ്പോൾ കണ്ണുകൾ 2026 ലോകകപ്പിലേക്കാണ്. കാർലോ അൻസലോട്ടിയുടെ തന്ത്രങ്ങൾക്കൊപ്പം കാനറികളുടെ പത്താം നമ്പർ സുൽത്താൻ നെയ്മർ ജൂനിയർ കൂടി പരിക്കിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞെത്തുമ്പോൾ ആരാധകർ വീണ്ടുമൊരു വസന്തം സ്വപ്നം കാണുന്നു. സാംബ താളത്തിന്റെ മാസ്മരികതയുമായി നെയ്മർ മൈതാനിയിൽ നിറഞ്ഞാടുമ്പോൾ, 24 വർഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി ബ്രസീൽ ആ കനകകിരീടം ആറാം തവണയും ചൂടുമെന്നാണ് ഓരോ ഫുട്ബാൾ പ്രേമിയുടെയും പ്രതീക്ഷ. മനസ്സിന് മുകളിൽ പറന്ന വസന്തത്തിന്റെ 2002-ഉം, കണ്ണീരിൽ മുങ്ങിയ 2014-ഉം കടന്ന് ആറാം തമ്പുരാന്മാരാകാൻ ബ്രസീൽ ഒരുങ്ങുകയാണ്. കാൽപ്പന്തുരുളുന്നിടത്തോളം കാലം ഈ ഓർമ്മകൾക്കും പ്രതീക്ഷകൾക്കും മരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

