കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം
text_fieldsമനാമ: പൊതു-സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന എല്ലാ സ്കൂൾ ബസുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും, വിദ്യാർഥികൾ സുരക്ഷിതമായി യാത്ര ചെയ്യാനും ഇറങ്ങാനും ഒരു അറ്റൻഡന്റിനെ നിയമിക്കാനും ആവശ്യപ്പെടുന്ന അടിയന്തര പ്രമേയം പാർലമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗം ഡോ. മറിയം അൽ ദഈന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ സമർപ്പിച്ച ഈ നിർദേശം മന്ത്രിസഭയുടെ അവലോകനത്തിനായി കൈമാറി. ദിവസേനയുള്ള സ്കൂൾ യാത്രകളിൽ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും അധ്യാപകരും ഉന്നയിച്ച ആശങ്കകളാണ് ഈ നിർദേശത്തിന് പിന്നിലെന്ന് ഡോ. അൽ ദഈൻ പറഞ്ഞു.
ബസുകൾക്കുള്ളിലെ മേൽനോട്ടത്തിലെ അശ്രദ്ധ പല രാജ്യങ്ങളിലും കുട്ടികളെ വാഹനത്തിനുള്ളിൽ മറന്നുവെക്കുന്നതുൾപ്പെടെയുള്ള ഗുരുതരമായ സംഭവങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെ, ബഹ്റൈനിൽ രജിസ്റ്റർ ചെയ്യാത്ത ഡ്രൈവറുടെ വാഹനത്തിനുള്ളിൽ കുട്ടി അകപ്പെട്ട് മരിച്ച സംഭവവും അവർ ഓർമിപ്പിച്ചു. മറ്റൊരു ദുരന്തം സംഭവിക്കാൻ നാം കാത്തിരിക്കരുത്. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത് സുതാര്യതയും ഉത്തരവാദിത്തവും അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള കണ്ടെത്തലും ഉറപ്പാക്കുന്ന ഒരു പ്രതിരോധ നടപടിയാണെന്നും ഡോ. അൽ ദഈൻ പറഞ്ഞു. കൂടാതെ, ഒരു കുട്ടിയും വാഹനത്തിനുള്ളിൽ അകപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗമായാണ് അറ്റൻഡന്റിന്റെ സാന്നിധ്യത്തെ നിർദേശിച്ചതെന്നും എം.പി പറഞ്ഞു. ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനും പെരുമാറ്റപരമോ വൈദ്യപരമോ ആയ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും അറ്റൻഡന്റുമാർക്ക് നിർണായക പങ്കുണ്ട്.
ഈ നടപടികൾ പൊതു-സ്വകാര്യ സ്കൂളുകൾക്ക് ഒരുപോലെ ബാധകമാക്കണമെന്നും, ഇത് അന്താരാഷ്ട്ര ബാലസംരക്ഷണ നിലവാരങ്ങളോടുള്ള ബഹ്റൈന്റെ പ്രതിബദ്ധതക്ക് അനുസൃതമാണെന്നും ഡോ. അൽ ദഈൻ കൂട്ടിച്ചേർത്തു. ഐകകണ്ഠ്യേനയുള്ള പാർലമെന്റ് പിന്തുണയോടെ, നിർവഹണ സമയം, മേൽനോട്ട സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ മന്ത്രിസഭ ഇനി വിലയിരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

