23,000 ദീനാറിന്റെ സ്വർണാഭരണം കവർന്ന സംഘം പിടിയിൽ
text_fieldsമനാമ: മനാമയിലെ പ്രമുഖ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച സംഘത്തെ നാലുമണിക്കൂറിനുള്ളിൽ പിടികൂടി. നോമ്പുതുറയുടെ സമയത്ത് ജ്വല്ലറിയിൽ എത്തിയ നാലംഗ സംഘം 900 ഗ്രാം സ്വർണാഭരണമാണ് കവർച്ച ചെയ്തത്. മോഷണ വിവരമറിഞ്ഞ് ജ്വല്ലറി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
സുരക്ഷ കാമറയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ രണ്ടുപേരെ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയനുസരിച്ച് നടത്തിയ തിരച്ചിലിൽ മറ്റു രണ്ടുപേരും പിടിയിലായി. പ്രതികളിൽനിന്ന് കവർച്ച മുതൽ കണ്ടെടുത്തു.
28നും 53നുമിടയിൽ പ്രായമുള്ള നാല് ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് ബഹ്റൈൻ എയർപോർട്ട് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 23,000 ദീനാറിന്റെ സ്വർണാഭരണമാണ് സംഘം കവർന്നത്. സ്വർണവുമായി രാജ്യം വിടാനായിരുന്നു ശ്രമം.

