സെൻട്രൽ മാർക്കറ്റ് നവീകരണത്തിന്റെ നാലാം ഘട്ടം ഈ വർഷം ആരംഭിക്കും
text_fieldsമനാമ: ബഹ്റൈന്റെ വാണിജ്യ മാർക്കറ്റായ മനാമ സെൻട്രൽ മാർക്കറ്റിന്റെ മുഖം മാറ്റുന്ന പദ്ധതികൾ പുരോഗമിക്കുന്നു. നവീകരണത്തിന്റെ നാലാം ഘട്ടം 2025-2028 കാലയളവിൽ നടപ്പാക്കാനാണ് പദ്ധതി. ഈ ഘട്ടത്തിനായുള്ള ബജറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുവരെ 2017 മുതൽ മൂന്ന് ഘട്ടങ്ങളാണ് നടപ്പാക്കിയത്. ഇതിനായി ഏകദേശം 2.296 ദശലക്ഷം ദിനാറാണ് ചെലവഴിച്ചത്. നാലാം ഘട്ടത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ നവീകരിക്കുന്നതിനും പ്രധാന ഭാഗങ്ങൾ പുതുക്കുന്നതിനും ഊന്നൽ നൽകും.
സുരക്ഷ, അഗ്നിശമനസംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പുതിയ കേബിളിങ്, വൈദ്യുതി ശൃംഖലകൾ സ്ഥാപിക്കുക, അഴുക്കുചാലും മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളും നവീകരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, തറകൾ പുനർനിർമിച്ച് താപ ഇൻസുലേഷൻ സ്ഥാപിക്കൽ, വഴികളും നടപ്പാതകളും പുനഃക്രമീകരിക്കുക എന്നിവ പൂർത്തിയാക്കും. മാർക്കറ്റിന് ചുറ്റും പഴം-പച്ചക്കറി വിഭാഗത്തിനുള്ളിലും മീൻ-മാംസ മാർക്കറ്റുകൾക്ക് മുന്നിലും പുതിയ കാർ പാർക്കിങ് സ്ഥലങ്ങളും കൂട്ടിച്ചേർക്കും.
2023-2024 കാലഘട്ടത്തിൽ 12 പദ്ധതികൾ പൂർത്തിയാക്കിയിരുന്നു. അതിൽ എയർ കണ്ടീഷനിങ് സംവിധാനം പൂർണമായി നവീകരിക്കുകയും എയർ കണ്ടൻസറുകൾ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഈച്ചകളെ അകറ്റാനുള്ള സംവിധാനങ്ങൾ, മെച്ചപ്പെട്ട അഗ്നിശമന സംവിധാനങ്ങൾ, സോളാർ ലൈറ്റിങ്, മീൻ-മാംസ മാർക്കറ്റുകളിൽ എയർ കർട്ടനുകൾ എന്നിവയും സ്ഥാപിച്ചു. പൊതു ശൗചാലയങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമിച്ചു. ഫിഷ് മാർക്കറ്റിലെ പ്രധാന മേൽക്കൂരയും മാറ്റി സ്ഥാപിച്ചു. ലോഡിങ്, അൺലോഡിങ് സോണുകളായ രണ്ടും മൂന്നും ഭാഗങ്ങൾ മേൽക്കൂരയിട്ട് തണലാക്കുകയും, സോൺ ഒന്നിന്റെ 55 ശതമാനത്തിലധികം ഭാഗങ്ങളിൽ മേൽക്കൂര പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു.
നവീകരണത്തിനായി ഇതുവരെ അനുവദിച്ച തുക 2017-2019 കാലഘട്ടത്തിൽ 1.29 ദശലക്ഷം ദിനാറാണ്. 2020-2022 കാലഘട്ടത്തിൽ 1,01,500 ദിനാർ, 2023-2024 കാലഘട്ടത്തിൽ 9,04,500 ദിനാർ എന്നിങ്ങനെയായിരുന്നു. 1,41,302 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിൽ, പഴം-പച്ചക്കറി, മാംസം, മത്സ്യം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി കടകൾ, ഓഫിസുകൾ, കഫേകൾ എന്നിവ ഉൾപ്പെടെ 952 വാണിജ്യ യൂനിറ്റുകളുണ്ട്. ക്യാപിറ്റൽ മുനിസിപ്പാലിറ്റി, വ്യവസായ-വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഈ നവീകരണപദ്ധതികൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

