‘മുഹറഖ് നൈറ്റ്സ്’ നാലാം പതിപ്പ് പ്രൗഢമായി സമാപിച്ചു
text_fields‘മുഹറഖ് നൈറ്റ്സ്’ ഫെസ്റ്റിവൽ സമാപന ദിവസം അനുഭവപ്പെട്ട ജനത്തിരക്ക്
മനാമ: ബഹ്റൈന്റെ ചരിത്രവും പൈതൃകവും ആധുനിക കലകളും കോർത്തിണക്കി ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) സംഘടിപ്പിച്ച ‘മുഹറഖ് നൈറ്റ്സ്’ ഫെസ്റ്റിവലിന് ഉജ്ജ്വല സമാപ്തി. ബു മാഹിർ തീരം മുതൽ സിയാദി മജ് ലിസ് പേൾ മ്യൂസിയം വരെയുള്ള ചരിത്രപ്രസിദ്ധമായ പാതയിലാണ് വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറിയിരുന്നത്.
560ലധികം വ്യത്യസ്ത പ്രവർത്തനങ്ങൾ, 800ൽപരം സംഗീത പരിപാടികൾ ഉൾപ്പെടെ ദിവസങ്ങൾ നീണ്ട സാംസ്കാരിക പരിപാടിയായിരുന്നു ഇത്. കല, ഡിസൈൻ, കരകൗശല വിദ്യകൾ, കുട്ടികൾക്കുള്ള പരിപാടികൾ, ഭക്ഷണം, സംഗീതം, വിനോദങ്ങൾ, വിജ്ഞാന പര്യടനങ്ങൾ എന്നിവ മേളയുടെ ഭാഗമായിരുന്നു.
ബഹ്റൈന്റെ മുത്ത് വാരൽ പാരമ്പര്യം വിളിച്ചോതുന്ന പൈതൃക ഭവനങ്ങളും അവയിലെ പ്രദർശനങ്ങളും കാണാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരം ലഭിച്ചു.
കടലിനെ പ്രമേയമാക്കി നടത്തിയ ഇൻസ്റ്റലേഷനുകൾ, ഫോട്ടോഗ്രഫി പ്രദർശനങ്ങൾ, വിഷ്വൽ എക്സ്പീരിയൻസുകൾ എന്നിവ സന്ദർശകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ചു.
മേളയുടെ സംഘാടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചതിൽ ‘ബാക്ക’ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ നന്ദി അറിയിച്ചു. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ, അൽ റിവാഖ് ആർട് സ്പേസ് തുടങ്ങിയ രാജ്യത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

