ഭാഗ്യച്ചെപ്പ് തുറന്നു
text_fieldsദോഹ: ഖത്തർ ലോകകപ്പ് രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയിൽ റാൻഡം നറുക്കെടുപ്പ് പൂർത്തിയായതോടെ, ടിക്കറ്റ് ലഭിച്ചവർ ജൂൺ 15ന് ഖത്തർ സമയം ഉച്ച 12ന് മുമ്പായി പണമടക്കണമെന്ന് ഫിഫ. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങിെൻറ റാൻഡം നറുക്കെടുപ്പ് ഫലങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ fifa.com/tickets വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്തവരുടെ ഇ മെയിൽ വഴിയും അറിയിച്ചു തുടങ്ങിയത്.
ടിക്കറ്റ് ലഭ്യമായവർക്ക് ഫിഫ ടിക്കറ്റ്സിലെ അക്കൗണ്ട് വഴി തന്നെ വിശദാംശങ്ങൾ നൽകി പണം അടക്കാവുന്നതാണ്. ജൂൺ 15 വൈകീട്ട് മൂന്നിന് മുമ്പായി പണം അടച്ചില്ലെങ്കിൽ ലഭ്യമായ ടിക്കറ്റുകൾ അസാധുവായി മാറും. ഈ സമയത്ത് പുതിയ ടിക്കറ്റ് അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന് ഫിഫ അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ 2.35 കോടി ടിക്കറ്റിനാണ് ആവശ്യക്കാരുണ്ടായത്. എന്നാൽ, ഈ റൗണ്ടിൽ 10 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് ഫിഫ നീക്കിവെച്ചത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്ങുണ്ടായത്. ഖത്തറിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ഫുട്ബാൾ ആരാധകർ വ്യാപകമായി ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്. ഡിസംബർ 18ന് നടക്കുന്ന ലോകകപ്പിെൻറ ഫൈനലിനാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്റീന - മെക്സികോ, അർജന്റീന -സൗദി അറേബ്യ, ഇംഗ്ലണ്ട് - അമേരിക്ക, പോളണ്ട് -അർജന്റീന മത്സരങ്ങൾക്കാണ് ഗ്രൂപ് റൗണ്ടിൽ ഏറെ ആവശ്യക്കാരുള്ളത്.
ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് ഭാഗ്യം അനുഗ്രഹിച്ചവർ കുറവാണ്. ഒന്നാം ഘട്ടത്തിൽ ഖത്തറിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ വലിയൊരു വിഭാഗത്തിന് മത്സര ടിക്കറ്റുകൾ കാര്യമായി സ്വന്തമാക്കാനായപ്പോൾ, ഇത്തവണ ആ തിരക്കും ബഹളങ്ങളുമില്ല. ഇന്ത്യയിൽ നിന്നും അപേക്ഷിച്ചവരിലും ടിക്കറ്റ് ലഭ്യമായവർ അപൂർവമാണ്. ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളിൽനിന്നുള്ള ആരാധകർക്കാണ് കൂടുതൽ പരിഗണന ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

