2026 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ വേദി മലേഷ്യയിലെ സെപാങ്ങ്; ഒക്ടോബർ രണ്ടു മുതൽ നാലു വരെയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്
text_fieldsവേദി ഔദ്യോഗികമായി സ്ഥിരീകരിച്ച യോഗത്തിൽ കിരീടാവകാശിയും മറ്റ് അധികൃതരും
മനാമ: പ്രാദേശിക സംഘർഷങ്ങൾ മൂലം മാറ്റിവെച്ച 2026-ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കും. വരുന്ന ഒക്ടോബർ 2 മുതൽ 4 വരെയുള്ള തീയതികളിലാണ് അസർബൈജാൻ, സിംഗപ്പൂർ ഗ്രാൻപ്രീ മത്സരങ്ങൾക്കിടയിലായി ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്. വേൾഡ് മോട്ടോർ സ്പോർട്ട് കൗൺസിലിന്റെ അന്തിമ അംഗീകാര പ്രകാരം ഈ മത്സരം ‘മലേഷ്യയിലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ’ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഫോർമുല വണ്ണും ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷനും (എഫ്.ഐ.എ) സംയുക്തമായാണ് വിവരണം പുറത്തുവിട്ടത്.
ബഹ്‌റൈൻ ഭരണകർത്താക്കളുടെയും മലേഷ്യൻ സർക്കാരിന്റെയും ഫോർമുല വണ്ണിന്റെയും എഫ്.ഐ.എയുടെയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ. 2004-ൽ മേഖലയിലെ ബഹ്റൈനിലെ ആദ്യത്തെ ഗ്രാൻഡ് പ്രീ മത്സരത്തിന് ആതിഥേയത്വം വഹിച്ചതുമുതൽ ഫോർമുല വൺ രംഗത്ത് ബഹ്‌റൈൻ പുലർത്തുന്ന ഉറച്ച പ്രതിബദ്ധതയാണ് ഈ നീക്കം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള മോട്ടോർസ്പോർട്ട് ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്നതായിരിക്കും ഈ തീരുമാനം. ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ അധികം വൈകാതെ തന്നെ ഔദ്യോഗികമായി പുറത്തുവിടും.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിമിന്റെയും അനുഗ്രഹത്തോടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയതെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. നിലവിലെ പ്രാദേശിക വെല്ലുവിളികൾക്കിടയിലും ഫോർമുല വണ്ണിന്റെ സുസ്ഥിരത ഉറപ്പാക്കുന്ന ഒരു പ്രധാന ഘടകമായി നിലകൊള്ളുന്നതിൽ ബഹ്‌റൈൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലേഷ്യയും ബഹ്‌റൈനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ സഹകരണമെന്ന് മലേഷ്യൻ പ്രധാനമന്ത്രി ദാവോ സരി അൻവർ ഇബ്രഹിം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിലുള്ള വലിയ കായികമേളകൾ വിജയകരമായി സംഘടിപ്പിക്കാനുള്ള മലേഷ്യയുടെ സന്നദ്ധതയാണ് ഇത് വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരെയും ടീമുകളെയും സെപാങ്ങിലേക്ക് സ്വാഗതം ചെയ്യാൻ മലേഷ്യ പൂർണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപാങ് സർക്യൂട്ട് ഒരിക്കൽ കൂടി ഫോർമുല വണ്ണിന് വേദിയാകുന്നത് ചരിത്രപ്രധാനമാണെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലൈയം പറഞ്ഞു. ടീമുകളുടെയും ആരാധകരുടെയും സുരക്ഷയും ക്ഷേമവും മുൻനിർത്തി എല്ലാ സാധ്യതകളും പരിശോധിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

