തീനാളങ്ങൾ വിഴുങ്ങിയത് നിരവധിപേരുടെ അതിജീവന സ്വപ്നങ്ങൾ
text_fieldsമനാമ: നിരവധി വ്യാപാരികളുടെയും ജീവനക്കാരുടെയും ഉപജീവനോപാധികളാണ് ഓൾഡ് മനാമ മാർക്കറ്റിലെ തീപിടിത്തത്തിൽ നഷ്ടപ്പെട്ടത്. മലയാളികളടക്കം നിരവധി വ്യാപാരികളുടെ കടകളും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഭാഗത്തെ നാനൂറിലധികം കടകൾ അധികൃതരുടെ നിർദേശത്തെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.
നിരവധി സാധനങ്ങൾക്കുപുറമെ പണവും വസ്ത്രവും രേഖകളുമടക്കം എല്ലാ സംഗതികളും നഷ്ടപ്പെട്ടവരാണധികവും. സിവിൽ ഡിഫൻസിന്റെ സമയോചിതമായ ഇടപെടൽകൊണ്ടാണ് തീ കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാനായത്. രക്ഷാപ്രവർത്തകർ ഉണർന്നു പ്രവർത്തിക്കുകയും തീ വ്യാപിക്കുന്നത് തടയുകയും ചെയ്തെന്ന് പബ്ലിക്ക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ-ഹസ്സൻ പറഞ്ഞു.
പെരുന്നാൾ കച്ചവടം നടക്കേണ്ട ദിവസങ്ങളിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് വ്യാപാരികളും ജീവനക്കാരും. രക്ഷാപ്രവർത്തനം മുൻനിർത്തി അധികൃതർ വഴിയടച്ചതോടെ സ്വന്തം വ്യാപാര സ്ഥാപനങ്ങളെ വളരെ ദൂരെനിന്ന് കാണാനേ പലർക്കും വ്യാഴാഴ്ചയും കഴിഞ്ഞുള്ളു. സൂഖിലെ താമസക്കാർക്കും തൊഴിലാളികൾക്കും മലയാളി സംഘടനകളുടെ സഹായം വളരെ ആശ്വാസകരമായി.
അപകട സ്ഥലത്തേക്ക് ഓടിയെത്തുകയും മാധ്യമങ്ങൾ വഴി ഹെൽപ് ലൈൻ നമ്പറുകൾ നൽകിയും മലയാളി സംഘടനകൾ ഉണർന്നു പ്രവർത്തിച്ചു. തീയണക്കാൻ പരിശ്രമിച്ച സിവിൽ ഡിഫൻസ് അംഗങ്ങൾക്കടക്കം കുടിവെള്ളവും ആവശ്യമായ സഹായവും സന്നദ്ധ പ്രവർത്തകർ ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

