സ്റ്റെയിൽമേറ്റ്, ഫെയിസസ് ഇൻ പെയിസസ് സിനിമകൾ അവാർഡുകൾ നേടി ശ്രദ്ധേയമാകുന്നു
text_fieldsപ്രകാശ് വടകര, ജയ മേനോൻ , നീതു ജനാർദനൻ
മനാമ: ബഹ്റൈനിൽ അണിയിച്ചൊരുക്കിയ ചിത്രങ്ങൾ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ശ്രദ്ധേയമാകുന്നു.
‘ഫെയിസസ് ഇൻ പെയിസസ്’, ‘സ്റ്റെയിൽമേറ്റ്’ ചിത്രങ്ങളാണ് വിവിധ വേദികളിൽ മികച്ച നേട്ടം കൈവരിച്ചത്. ചലച്ചിത്ര-ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ‘കോൺടാക്റ്റും’ കേരള ചലച്ചിത്ര അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച 18ാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘ഫെയിസസ് ഇൻ പെയിസസ്’ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ മികച്ച സംവിധായകൻ- പ്രകാശ് വടകര, മികച്ച നടി- നീതു ജനാർദനൻ എന്നിവയും ‘ഫെയിസസ് ഇൻ പെയിസസ്’ സ്വന്തമാക്കി.മികച്ച തിരക്കഥക്കുള്ള അവാർഡ് ജയ മേനോനും (സ്റ്റെയിൽമേറ്റ്) സ്വന്തമാക്കി.
ഫെസ്റ്റിവലിൽ മത്സരിച്ച അമ്പതോളം സിനിമകളെ പിന്നിലാക്കിയാണ് ‘ഫെയിസസ് ഇൻ പെയിസസ്’ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. പുലരി ടി.വി സംഘടിപ്പിച്ച ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും ‘സ്റ്റെയിൽമേറ്റ്’ മികവ് തുടർന്നു.
മികച്ച സംവിധായിക, മികച്ച നടി- ജയ മേനോൻ, മികച്ച നടൻ- പ്രകാശ് വടകര. കൂടാതെ, കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ) നടത്തിയ മത്സരത്തിൽ നീതു ജനാർദനൻ (ഫെയിസസ് ഇൻ പെയിസസ്) വീണ്ടും മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.
പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഈ രണ്ട് ചിത്രങ്ങളും കേരളത്തിലെ പ്രമുഖ നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.
മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ജയ മേനോൻ രചന നിർവഹിച്ച ചിത്രങ്ങളിൽ ജേക്കബ് ക്രിയേറ്റിവ് ബീസ് (ഫെയിസസ് ഇൻ പെയിസസ്), ജീവൻ പദ്മനാഭൻ (സ്റ്റെയിൽമേറ്റ്) എന്നിവർ കാമറ കൈകാര്യംചെയ്തു.
ശ്യാമപ്രസാദ്, ലാൽജോസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ പതിനഞ്ചിലധികം സിനിമകളിൽ വേഷമിട്ട പ്രകാശ് വടകരയും ജയ മേനോനും ബഹ്റൈനിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ്. അമ്പതിലധികം നാടകങ്ങൾ ഇവർ ബഹ്റൈനിൽ സംവിധാനം ചെയ്തിട്ടുണ്ട്.
ജി.സി.സിയിലെതന്നെ ആദ്യ സംരംഭമായ ‘ഷെൽട്ടർ’ എന്ന ആന്തോളജി സിനിമക്ക് പിന്നിലും ഇവരുടെ കഠിനാധ്വാനമുണ്ടായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം നൽകി കേരള സർക്കാർ ഇവരെ രണ്ടുപേരെയും ആദരിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിൽ ചിത്രീകരിക്കുന്ന ഒരു ഫീച്ചർ സിനിമയുടെയും ബഹ്റൈനിൽ നിർമിക്കുന്ന പുതിയൊരു ഷോർട്ട് ഫിലിമിന്റെയും തയാറെടുപ്പിലാണ് ഈ കലാദമ്പതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

