‘യങ് ആർക്കിയോളജിസ്റ്റ്’ അഞ്ചാം സീസൺ ബഹ്റൈനിൽ ആരംഭിച്ചു
text_fields‘യങ് ആർക്കിയോളജിസ്റ്റ്’ അഞ്ചാം സീസണിൽനിന്ന്
മനാമ: രാജ്യത്തിന്റെ പൗരാണിക പൈതൃകത്തെ അടുത്തറിയുന്നതിനായി ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബി.എ.സി.എ ) ‘യങ് ആർക്കിയോളജിസ്റ്റ്’ പരിപാടിയുടെ അഞ്ചാം സീസൺ ആരംഭിച്ചു. നവംബർ 1ന് ശനിയാഴ്ച ഖൽഅത്ത് അൽ ബഹ്റൈൻ സൈറ്റിലാണ് പരിപാടിക്ക് തുടക്കമായത്.
വീരമൃത്യു വരിച്ച സൈനികരുടെ മക്കളും ആഭ്യന്തര മന്ത്രാലയം ജീവനക്കാരുടെ മക്കളും ഈ സീസണിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്ക് യഥാർഥത്തിൽ പുരാവസ്തു ഗവേഷണം എന്താണെന്ന് മനസ്സിലാക്കാനുള്ള അവസരമാണ് ഈ പരിപാടി നൽകുന്നത്. 2026 ജനുവരി വരെ ഈ പരിപാടി തുടരും.
ദേശീയ പൈതൃകത്തോടുള്ള ആദരം ചെറുപ്പത്തിലേ വളർത്താനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ആന്റിക്വിറ്റീസ് ശൈഖ് ഇബ്രാഹിം ബിൻ ഹമൂദ് ബിൻ ഇബ്രാഹിം അൽ ഖലീഫ വ്യക്തമാക്കി. പുരാവസ്തു-പൈതൃക സൈറ്റുകൾ യുവതലമുറക്കുള്ള പഠന ഇടങ്ങളായി വർത്തിക്കുന്നു.
ഇത് അവരുടെ ദേശീയ ഐഡന്റിറ്റിയും സ്വന്തം രാജ്യത്തോടുള്ള ബന്ധവും ശക്തിപ്പെടുത്തുകയും, ബഹ്റൈന്റെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുകയുംചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ വിദ്യാഭ്യാസ, സാമൂഹിക, ചാരിറ്റി സ്ഥാപനങ്ങൾക്കും പങ്കുചേരാൻ അവസരമുണ്ട്. ഇത് കൂടുതൽ പേരിലേക്ക് പരിപാടിയുടെ സന്ദേശം എത്തിക്കാൻ സഹായിക്കും. ബഹ്റൈന്റെ സമ്പന്നമായ പൗരാണിക പൈതൃകവുമായി യുവതലമുറയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭാവി തലമുറയെ അതിന്റെ സംരക്ഷണത്തിനായി പ്രചോദിപ്പിക്കുന്നതിനും വേണ്ടിയുള്ള സുസ്ഥിര സാംസ്കാരിക സംരംഭങ്ങളുടെ ഭാഗമായാണ് ബി.എ.സി.എ ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

