ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് തുടക്കമായി
text_fieldsബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടന വേളയിൽനിന്ന്
മനാമ: ബഹ്‌റൈൻ സിനിമ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന് പ്രൗഢോജ്വല തുടക്കം. ഉദ്ഘാടനം ചെയ്യപ്പെട്ട ഫെസ്റ്റിവലിൽ ഇന്ന് മുതൽ വർക്ക്‌ഷോപ്പുകളും സിനിമാ പ്രദർശനങ്ങളും ആരംഭിച്ചു. ഫെസ്റ്റിവൽ നവംബർ നാലുവരെ നീളും. ഹ്രസ്വചിത്രങ്ങൾ, മഹത്തായ കഥകൾ' എന്നതാണ് ഈ വർഷത്തെ ഫെസ്റ്റിവൽ തീം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 74 സിനിമകൾ ഫെസ്റ്റിവലിലുണ്ട്.
14 ബഹ്റൈനിലെ ഹ്രസ്വചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിവരസാങ്കേതിക മന്ത്രി ഡോ. റംസാൻ അൽ നുഐമി, ഫ്രഞ്ച് അംബാസഡർ എറിക് ഗിറോ-ടെൽമെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ബഹ്‌റൈനിലെ സിനിമയുടെ ചരിത്രം സംഗ്രഹിച്ച ഒരു സ്റ്റേജ് നാടകത്തോടെയായിരുന്നു തുടക്കം. ചലച്ചിത്രകാരൻ അഹമ്മദ് സയാനിയുടെ 'ഹോപ്' എന്ന ചിത്രം പ്രത്യേക പ്രദർശനമായി കാണിച്ചു.
'ഹോപ്' എന്ന ചിത്രം ഒരു പാഷൻ പ്രോജക്റ്റ് ആയിരുന്നു എന്നും, ഹൊറർഹൗസ് ഫിലിം ഫെസ്റ്റിവലിൽ 'ഓഡിയൻസ് ചോയ്സ് അവാർഡ്' ഉൾപ്പെടെ 16 ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ടെന്നും സംവിധായകൻ അഹമ്മദ് സയാനി അറിയിച്ചു.ഫ്രഞ്ച് എംബസി സംഘടിപ്പിച്ച 48 മണിക്കൂർ ഫിലിം ചലഞ്ചിന്റെ ഭാഗമായി നിർമ്മിച്ച അൾട്രാ-ഷോർട്ട് ചിത്രങ്ങൾ നവംബർ 2-ന് രണ്ടുതവണ പ്രദർശിപ്പിക്കും. വിജയിയെ അന്ന് തന്നെ പ്രഖ്യാപിക്കും.
ബഹ്‌റൈനി ഹ്രസ്വചിത്രങ്ങൾ, ഹ്രസ്വ കഥാചിത്രങ്ങൾ, ഹ്രസ്വ ഡോക്യുമെന്ററി ചിത്രങ്ങൾ, ഹ്രസ്വ അനിമേഷൻ ചിത്രങ്ങൾ, ഹ്രസ്വ വിദ്യാർത്ഥി ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലെ അവാർഡുകൾ നവംബർ 4-ന് നടക്കുന്ന സമാപന ചടങ്ങിൽ പ്രഖ്യാപിക്കും. പ്രദർശനങ്ങൾ 'ബണ്ടിലുകളായാണ്' നടത്തുന്നത്. ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയ നിരവധി സിനിമകൾ ഒരു സെഷനിൽ ഒരുമിച്ചു പ്രദർശിപ്പിക്കും. പ്രേക്ഷകർക്ക് ഫെസ്റ്റിവലിന്റെ വെബ്സൈറ്റായ www.bahrainfilmfestival.org/bundles/ വഴി സൗജന്യമായി ബണ്ടിലുകൾക്കായി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

