വനിതാ ജീവനക്കാരുടെ പ്രസവാവധി ഉയർത്തണം
text_fieldsമനാമ: സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി 60 ദിവസത്തിൽനിന്ന് 70 ദിവസമായി വർധിപ്പിക്കാനുള്ള നിർദേശവുമായി എം.പിമാർ. 2012 ലെ തൊഴിൽ നിയമനം ഭേദഗതി ചെയ്യുന്ന കരട് ബിൽ എം.പി ഹനാൻ ഫർദാന്റെ നേതൃത്വത്തിലാണ് സമർപ്പിച്ചത്. നിയമത്തിലെ ആർട്ടിക്കിൾ 32 (എ) ഭേദഗതി ചെയ്യുന്നത് പ്രകാരം ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി 70 ദിവസമായി വർധിപ്പിക്കുകയും ആവശ്യപ്പെടുകയാണെങ്കിൽ 15 ദിവസത്തെ ശമ്പളമില്ലാത്ത അധിക അവധിക്കുകൂടി അർഹതയുമുണ്ടാകും.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചർച്ചക്കിടും. കുടുംബ ഉത്തരവാദിത്തങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്ത്രീകളെ പിന്തുണക്കുന്ന രാജ്യത്തിന്റെ പ്രതിബദ്ധത മുൻനിർത്തിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചതെന്ന് ഫർദാൻ പറഞ്ഞു. പ്രസവാവധി നീട്ടിനൽകുന്നതിലൂടെ ജോലിക്കാരായ അമ്മമാർക്ക് സുഖം പ്രാപിക്കാനും കുട്ടിക്കുവേണ്ട പരിചരണം നൽകാനും ആവശ്യമായ സമയം ലഭിക്കും.
ഈ കാലയളവ് മാതൃ-ശിശു ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണെന്നും, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ നിലവിൽ കൂടുതൽ പ്രസവാവധി നൽകുന്നുണ്ടെന്നും ബഹ്റൈൻ ഇത് പിന്തുടരണമെന്നും എം.പിമാർ പറഞ്ഞു. എന്നാൽ നിർദേശത്തിന് മറ്റ് എം.പിമാരിൽനിന്ന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. അവധി നീട്ടി നൽകുന്നത് സ്വകാര്യ മേഖലയിലെ തൊഴിലുടമകളെ വനിതാ ജീവനക്കാരെ നിയമിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ടിങ് തൊഴിൽ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസഫ് ഖലഫ് എതിർപ്പ് പ്രകടിപ്പിച്ചത്. സമാന ആശങ്കയാണ് സുപ്രീം കൗൺസിൽ ഫോർ വുമണും അറിയിച്ചത്. എന്നാൽ നിർദേശം ആധുനിക തൊഴിൽ നിയമങ്ങളുമായി യോജിച്ചുപോകുന്നതാണെന്ന് സൂചിപ്പിച്ച് ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയനുകളും ബഹ്റൈൻ വനിത യൂനിയനും പിന്തുണച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

