പ്രവാസി കരുത്തിന്റെ പെൺമുഖങ്ങൾ
text_fieldsഷിജിന ആഷിക്ക്
മേയ് ഒന്ന് ലോകമെമ്പാടുമുള്ള തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പൊരുതി നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ദിനമാണ്. ‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടു മണിക്കൂർ വിശ്രമം’ എന്ന മുദ്രാവാക്യം മുഴക്കി ചിക്കാഗോയിലെ തെരുവുകളിൽ രക്തം ചിന്തിയ ആ വിപ്ലവവീര്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
എന്നാൽ ഒരു പ്രവാസി സ്ത്രീയെ സംബന്ധിച്ചിടത്തോളം ഈ തൊഴിലാളി ദിനം കേവലം ഒരു അവധി ദിവസം മാത്രമല്ല, മറിച്ച് തന്റെ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും അഭിമാനകരമായ നേർചിത്രമാണ്. പ്രവാസലോകത്തെ സ്ത്രീ ജീവിതങ്ങൾ പലപ്പോഴും അദൃശ്യമാക്കപ്പെടുന്ന അധ്വാനത്തിന്റെ കഥകളാണ്. ഓഫിസിലെ തിരക്കുകൾക്കിടയിലും നാട്ടിലെ മക്കളുടെ പഠനവും വീട്ടിലെ പ്രായമായവരുടെ ആരോഗ്യവും ഫോണിലൂടെയെങ്കിലും കൃത്യമായി നിയന്ത്രിക്കുന്ന ഇരട്ട ഉത്തരവാദിത്തം അവർക്കുണ്ട്. പലപ്പോഴും മറ്റാരും കാണാതെ പോകുന്ന വലിയൊരു മാനസിക അധ്വാനം കൂടിയാണിത്.
താമസസ്ഥലത്തെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന വീട്ടമ്മ മുതൽ വൻകിട കോർപ്പറേറ്റ് ഓഫീസുകളിലും ആശുപത്രികളിലും വിദ്യാലയങ്ങളിലും ജോലി ചെയ്യുന്നവർ വരെ ഈ പെൺകരുത്തിന്റെ ഭാഗമാണ്. ഭാഷയോ സംസ്‌കാരമോ അറിയാത്ത അപരിചിതമായ നാട്ടിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് സ്വന്തം കാലിൽ നിൽക്കാൻ ശീലിച്ച ഓരോ പ്രവാസി സ്ത്രീയും ഒരു പോരാളിയാണ്. മണലാരണ്യത്തിലെ കഠിനമായ ചൂടിനേക്കാൾ വലിയ തണലായി തന്റെ കുടുംബത്തിന് മാറാൻ അവൾക്ക് കഴിയുന്നത് ഈ നിശബ്ദമായ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
ജോലിസ്ഥലത്തെ സമ്മർദ്ദങ്ങൾക്കും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാൽ കാത്തിരിക്കുന്ന വീട്ടുജോലികൾക്കും ഇടയിൽ സ്വന്തം ആരോഗ്യമോ വിശ്രമമോ ശ്രദ്ധിക്കാൻ പലപ്പോഴും സ്ത്രീകൾക്ക് സമയം ലഭിക്കാറില്ല. ഈ ഒരു സാഹചര്യത്തിലാണ് 'പ്രവാസി മിത്ര' പോലെയുള്ള സ്ത്രീ കൂട്ടായ്മകളുടെ പ്രസക്തി ഏറുന്നത്. സങ്കടങ്ങൾ കേൾക്കാൻ ഒരാളുണ്ടാവുക എന്നതും മാനസിക സംഘർഷങ്ങൾ പങ്കുവെക്കാൻ ഒരിടം ഉണ്ടാവുക എന്നതും വലിയൊരു ആശ്വാസമാണ്. അത്തരത്തിലുള്ള ഒരു വലിയ ആശ്വാസമാണ് പ്രവാസി മിത്ര നൽകുന്നത്.
തൊഴിലിടങ്ങളിലെ തിരക്കുകൾക്കിടയിൽ മരവിച്ചുപോകുന്ന കലാപരമായ കഴിവുകളെ വീണ്ടെടുക്കാൻ ഇത്തരം കൂട്ടായ്മകൾ വേദിയാകുന്നു. പ്രവാസി മിത്ര കേവലം ഒരു സംഘടനയല്ല മാത്രമല്ല, മറിച്ച് പ്രവാസത്തിന്റെ ഏകാന്തതയിൽ നമുക്ക് പരസ്പരം ചാരിനിൽക്കാവുന്ന ഒരു തണൽമരമാണ്. സബീന ഖാദർ പ്രസിഡന്റായും സാബിറ നൗഫൽ സെക്രട്ടറിയായും ഉള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
അധ്വാനിക്കുന്ന കൈകൾക്ക് മതമോ ജാതിയോ ലിംഗഭേദമോ ഇല്ല. നമ്മുടെ വിയർപ്പ് മക്കളുടെ മികച്ച ഭാവിക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ആ അധ്വാനത്തിനിടയിൽ സ്വന്തം വ്യക്തിത്വവും അവകാശങ്ങളും നാം മറന്നുപോകരുത്. അന്തസ്സുള്ള തൊഴിലും ആത്മവിശ്വാസമുള്ള ജീവിതവുമാണ് ഓരോ സ്ത്രീയുടെയും ലക്ഷ്യം. ഐക്യത്തിലൂടെ മാത്രമേ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാനാവൂ. നമ്മൾ വെറും യന്ത്രങ്ങളല്ല, സ്വപ്നങ്ങളും വികാരങ്ങളുമുള്ള മനുഷ്യരാണ്. നമ്മുടെ വിയർപ്പിന് മൂല്യമുണ്ട്. നമ്മുടെ ശബ്ദത്തിന് കരുത്തുണ്ട്. ലോകത്തെ മാറ്റിമറിച്ച തൊഴിലാളി വർഗ പോരാട്ടങ്ങളുടെ ആവേശം ഉൾക്കൊണ്ട് നമുക്ക് കൂടുതൽ കരുത്തോടെ മുന്നേറാം. ഈ മെയ് ദിനത്തിൽ പരസ്പരം കരുത്തായി മാറാം. അധ്വാനം അംഗീകരിക്കപ്പെടുന്ന, അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു നല്ല നാളെയുണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

