വായന എന്ന വികാരം
text_fieldsധന്യ മനോജ്
വായന നമ്മുടെ ചിന്താശേഷിയെയും വിവേകത്തെയും അതുപോലെ ക്രിയാത്മകതയെയും ഒരുപോലെ ഉയർത്തുന്ന, ഉണർത്തുന്ന ഒരു ഘടകമാണ്. നമ്മുടെ കുട്ടിക്കവിതകളുടെ തമ്പുരാൻ കുഞ്ഞുണ്ണി മാഷിന്റെ കവിത പോലെ...
‘വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലേൽ വളയും’
അതെ ഈ ഒരു കുഞ്ഞുകവിതയും കുറച്ചുവാക്കുകളും നമ്മളെ ചിന്തിപ്പിച്ചതുപോലെ. വായന ഒരോ വ്യക്തിയുടെയും മാനസിക വളർച്ചക്കാവശ്യമായ വളമാണ്. വിജ്ഞാനത്തിന്, സർഗാത്മകവും ക്രിയാത്മകവുമായ വളർച്ചക്ക്, വിശാലവീക്ഷണത്തിന് എല്ലാം....
വായന എന്നും എനിക്കും പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്ത് സാധനങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസ് തുണ്ടിൽ തുടങ്ങി, വല്ലപ്പോഴും ചേച്ചി അച്ഛമ്മയുടെ അടുത്തുനിന്ന് കൊണ്ടുവരുന്ന കഥാബുക്കുകൾ ഒക്കെയായി തുടങ്ങിയ ചങ്ങാത്തം പിന്നീട് എപ്പോഴോ നഷ്ടമായെങ്കിലും, പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ എന്നെ പലപ്പോഴും സഹായിച്ചിട്ടുള്ളത് ഗൾഫ് മാധ്യമം തന്നെയാണ്. ഞാൻ മറന്നുതുടങ്ങിയ എന്റെ എഴുത്തിനെ എന്നിലേക്ക് അടുപ്പിച്ചതും എപ്പോഴൊക്കെയോ കുത്തിക്കുറിച്ചിട്ട കഥകളിൽ ഒന്ന് പ്രസിദ്ധീകരിച്ച് വന്നതും ഈ പത്രവായന നൽകിയ അനുഭവമാണ്.
അതിലുപരി വളർന്നുവരുന്ന നമ്മുടെ കുഞ്ഞുമക്കളെ വായനയുടെ വിശാലമായ ലോകത്തേക്ക് വാക്കുകളുടെ സമ്പന്നതയിലേക്ക് കൈപിടിച്ചുയർത്താൻ വായന അനിവാര്യമാണ്. വായന എന്നത് ഒരു വികാരമാണ്, നമ്മുടെ നാട്ടിലേക്കുള്ള തിരിച്ച് പോക്കാണ്.... ആ ഓർമകളിലേക്കുള്ള ഊളിയിടലാണ്!
കഴിഞ്ഞ 20 വർഷമായി നമ്മൾ മലയാളികളുടെ വായനയെ സമ്പന്നമാക്കുന്ന, സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന ഗൾഫ് മാധ്യമം എന്ന ഈ പത്രത്തിന്റെ പ്രചാരണ കാമ്പയിന് സ്നേഹപൂർവം ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

