പെരുന്നാൾ ഡ്രസ്സിനായി കാത്തിരുന്ന നോമ്പ് കാലം
text_fieldsകുട്ടിക്കാലത്തെ നോമ്പിന് ഇന്നില്ലാത്ത പല പ്രത്യേകതകളും ഉണ്ടായിരുന്നു. ഇന്ന് എന്തായിരിക്കും നോമ്പ് തുറക്കുമ്പോൾ സ്പെഷ്യൽ എന്ന് ചിന്തിച്ചിട്ടായിരിക്കും രാവിലെ എഴുന്നേൽക്കുന്നത്. ഇന്നത്തെ അത്ര ചായക്കടികൾ ഇന്ന് ഇല്ലെങ്കിലും അന്നത്തെ ചായക്കടിയുടെ രുചി പിന്നെയൊരിക്കലും കിട്ടിയിട്ടില്ല. ഓരോ ദിവസവും ഇന്നെന്താണ് കടി എന്ന് ചോദിച്ചു ഉമ്മാടെ പുറകെ നടക്കുമ്പോൾ പത്തിരി പരത്തുന്ന കുഴലുകൊണ്ട് ഉള്ള അടിയായിരിക്കും മറുപടി.
മറ്റൊന്ന് തറാവീഹ് നമസ്ക്കരിക്കാൻ പള്ളിയിൽ പോകുന്ന കാര്യമാണ്. ഉൽസാഹത്തോടെയാകും പോകുന്നത്. നീണ്ട നമസ്ക്കാരത്തിൽ സുജൂദിൽ ഉറങ്ങിപ്പോകലും പതിവാണ്. ആരെങ്കിലും തട്ടിവിളിക്കുമ്പോഴാകും എഴുന്നേൽക്കുക. ഉറക്കച്ചടവോടെ വീണ്ടും നമസ്ക്കരിക്കും. വീണ്ടും ഉറങ്ങും. അതുപോലെ ദാഹിക്കുമ്പോൾ മുഖം കഴുകും. അതിനിടയിൽ അൽപ്പം വെള്ളം അകത്താക്കും. അങ്ങിനത്തെ കള്ളനോമ്പ് എടുക്കുന്ന കുസൃതികളും അന്ന് രസമായിരുന്നു.
പിന്നെ പെരുന്നാൾ ഡ്രസ് തയ്ച്ചു കിട്ടുന്നതിനുള്ള കാത്തിരിപ്പാണ്. പെരുന്നാളിന്‍റെ തലേ ദിവസം ടൈലർ ഷോപ്പിൽ അതിനായി പാതിര വരെ കാത്തിരിക്കും. പെരുന്നാൾ ദിവസം പുതുവസ്ത്രം ധരിച്ച് കൂട്ടുകാർക്ക് ഒപ്പം അടിച്ചു പൊളിച്ചു നടക്കും. പ്രവാസ ജീവിതത്തിലെ നോമ്പുകാലം വരുമ്പോഴെല്ലാം അറിയാതെ മനസ്സ് കുട്ടിക്കാലത്തേക്ക് ഓടിപ്പോകും. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിൻ്റെ ഓർമ്മകളിൽ അഭിരമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

