ദുരിതത്തിനവസാനം; പ്രതിഭ ഹെൽപ് ലൈൻ സഹായത്തോടെ പോസമ്മ നാട്ടിലെത്തി
text_fieldsആന്ധ്രപ്രദേശ് സ്വദേശിനിയെ പ്രതിഭ ഭാരവാഹികൾ യാത്രയാക്കുന്നു
മനാമ: വീട്ടുജോലിക്കാരിയായി എത്തുകയും പരിക്കേറ്റതിനെത്തുടർന്ന് ജോലി ചെയ്യാനാകാതെ ഗതികേടിലാകുകയും ചെയ്ത ആന്ധ്രപ്രദേശ് സ്വദേശിക്ക് പ്രതിഭയുടെ സഹായം. പ്രതിഭയുടെ സഹായത്താൽ പോസമ്മ എന്ന സ്ത്രീയാണ് സ്വദേശത്തെത്തിയത്. വിസിറ്റ് വിസയിലാണ് പോസമ്മ ബഹ്റൈനിലെത്തിയത്. അറബിഭവനത്തിൽ വീട്ടുജോലി ലഭിച്ചെങ്കിലും ജോലിക്കിടെ വീണ് പരിക്കേറ്റു.
സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാൽമുട്ടിന് സർജറി നടത്തി സ്റ്റീൽ റാഡ് ഇടേണ്ടിയും വന്നു.നടക്കാനോ ജോലി ചെയ്യാനോ കഴിയാതെ രണ്ടു മാസം അറബി വീട്ടിൽ തന്നെ കഴിഞ്ഞു. പിന്നീട് ഹൂറയിലുള്ള വീട്ടുജോലിക്കാരികൾ താമസിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് താമസം മാറേണ്ടിവന്നു.പോസമ്മയെ ഇവിടെ കൊണ്ടുവന്ന ആന്ധ്രാപ്രദേശ് സ്വദേശിയെ കുറിച്ച് ഒരു വിവരമില്ലാതായപ്പോൾ പോസമ്മയുടെ സംരക്ഷണവും പരിചരണവും വീട്ടുജോലിക്കാരിയായ മലയാളി യുവതി ബിന്ദു ഏറ്റെടുക്കുകയായിരുന്നു.
നടക്കാനും ജോലിക്ക് പോകാനും കഴിയാത്ത പോസമ്മ ഇതിനിടെ രാജ്യത്ത് ഓവർസ്റ്റേ ആവുകയും ഭീമമായ പിഴ ഒടുക്കാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് പോകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായി. ബിന്ദുവിൽനിന്ന് വിവരങ്ങളറിഞ്ഞ ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂരിന്റെ നിർദേശ പ്രകാരം പ്രതിഭ ഹെൽപ് ലൈൻ ജോ.കൺവീനർ അബൂബക്കർ, മനാമ മേഖല ഹെൽപ് ലൈൻ ജോ. കൺവീനർ ഗീത വേണുഗോപാൽ എന്നിവർ ഇവരെ താമസസ്ഥലത്ത് സന്ദർശിച്ചു. തുടർന്ന് വീൽ ചെയറിൽ എമിഗ്രേഷനിലെത്തിച്ച് വിവരങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ യാത്രാരേഖകൾ ശരിയാക്കിക്കൊടുക്കുകയും 775 ദീനാർ പിഴ ഒഴിവാക്കി നൽകുകയും ചെയ്തു.
തുടർന്ന് ഹൈദരാബാദിലേക്കുള്ള ഗൾഫ് എയർ വിമാന ടിക്കറ്റും, അവിടെനിന്ന് വീട്ടിലേക്കുള്ള വാഹന വാടകക്കും,മറ്റ് അത്യാവശ്യ ചെലവുകൾക്കുള്ള തുക പ്രതിഭ ഹെൽപ് ലൈൻ അംഗം ഗീത വേണുഗോപാൽ മുൻ കൈയെടുത്ത് സംഘടിപ്പിച്ചു. പോസമ്മയെ ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രയാക്കാൻ ഹെൽപ് ലൈൻ പ്രവർത്തകരോടൊപ്പം പ്രതിഭ ഹൂറ യൂനിറ്റ് അംഗം നിത്യ, പരിചരിച്ച ബിന്ദു എന്നിവർ എത്തി.
വിമാനത്താവളത്തിനകത്ത് ആവശ്യമായ സഹായം രജ്ഞിത് കൂത്തുപറമ്പ് നൽകി.നാട്ടിലെത്തിയ പോസമ്മ താൻ അകപ്പെട്ട വിഷമവൃത്തത്തിൽ സഹായിച്ചതിന് പ്രതിഭ പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

