ആലിയിലെ ഭിന്നശേഷി പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം
text_fieldsപ്രതീകാത്മക ചിത്രം
മനാമ: സാമൂഹിക സേവന മേഖലയിൽ നിർണായക നാഴികക്കല്ലാകാൻ പോകുന്ന ആലിയിലെ സമഗ്ര ഭിന്നശേഷി പുനരധിവാസ കേന്ദ്രം ഈ വർഷം ആദ്യ പാദത്തിൽ ഘട്ടം ഘട്ടമായി പ്രവർത്തനം ആരംഭിക്കും. വിപുലമായ അറ്റകുറ്റപ്പണികൾക്കും മാറ്റങ്ങൾക്കും ശേഷമാണ് ഈ ബൃഹദ് പദ്ധതി തുറക്കുന്നതെന്ന് സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി സ്ഥിരീകരിച്ചു.
29,106 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയം ഒരു സംയോജിത പുനരധിവാസ സംവിധാനമാണ് പ്രദാനം ചെയ്യുന്നത്. 10 പ്രത്യേക കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഈ കേന്ദ്രം, കോവിഡ്-19 മഹാമാരിയുടെ സമയത്ത് ക്വാറന്റൈൻ സെന്ററായി ഉപയോഗിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പദ്ധതി പൂർത്തിയാക്കാൻ കാലതാമസമുണ്ടായത്. പിന്നീട് കെട്ടിടത്തിന്റെ സാങ്കേതിക പരിശോധനകൾ നടത്തുകയും ഇലക്ട്രിക്കൽ സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, എയർ കണ്ടീഷനിങ് എന്നിവ പരിഷ്കരിക്കുകയും ചെയ്തു. ആധുനിക മാനദണ്ഡങ്ങൾക്കനുസൃതമായുള്ള നിർമാണ പ്രവർത്തനങ്ങളും മോടിപിടിപ്പിക്കലും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും സ്വയംപര്യാപ്തതക്കും വേണ്ടിയുള്ള ഒരു 'വൺ-സ്റ്റോപ്പ്' ഹബ്ബായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പ്രതിവർഷം 1,300 പേർക്ക് സേവനം നൽകാൻ ശേഷിയുള്ള സെൻട്രൽ ഡയഗ്നോസ്റ്റിക് ആൻഡ് അസസ്മെന്റ് സെന്റർ, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയുള്ളവർക്കായി പ്രത്യേക കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് സ്പോർട്സ് ക്ലബ്, ഡേ ക്ലബ് എന്നിവയും പുനരധിവാസ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈദഗ്ധ്യമുള്ള സാങ്കേതിക ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നതിനും അന്താരാഷ്ട്ര ഭിന്നശേഷി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

