പുണ്യം പെയ്തിറങ്ങുന്ന ദിനങ്ങൾ വീണ്ടും വരവായി
text_fieldsജമാൽ ഇരിങ്ങൽ
മണ്ണിലും വിണ്ണിലും പുണ്യങ്ങളുടെ പെരുമഴക്കാലം തീർക്കാൻ വീണ്ടുമൊരു നോമ്പുകാലം വരവായി. ജീവിതം മാറ്റിപ്പണിയാൻ സന്നദ്ധമാവുന്നവർക്ക് ഈ മാസം അക്ഷരാർഥത്തിൽ അത്ഭുതമാണ്. ഒരേസമയം ഭൂമിയിലെവിടെയും സുകൃതങ്ങൾ പെയ്തിറങ്ങുന്ന മനോഹരമായ കാഴ്ചകൾകൊണ്ട് സമ്പന്നമായിരിക്കും റമദാനിെൻറ ഓരോ ദിനവും. ഭൗതികതയുടെ നിറച്ചാർത്തുകൾക്ക് പിറകെ ആർത്തിപൂണ്ട നെട്ടോട്ടത്തിലായിരുന്ന മനുഷ്യർക്ക് സ്വന്തത്തിലേക്കൊന്ന് തിരിഞ്ഞുനോക്കാനുള്ള അസുലഭമായ അവസരം കൂടിയാണിത്. മനസ്സിെൻറ ഇച്ഛകൾക്കൊത്ത് സത്യത്തിനും നീതിക്കും നിരക്കാത്ത പാപങ്ങളിലൂടെയായിരുന്നു പലരും തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
മൂല്യങ്ങൾക്കും ധാർമികതക്കും ഒട്ടും വിലകൽപിക്കാതെ തെറ്റുകളുടെ ചളിക്കുണ്ടിലൂടെ അപഥസഞ്ചാരം നടത്തിയ അത്തരക്കാർക്ക് നന്മകളിലേക്ക് തിരിഞ്ഞുനടക്കാനുള്ള അവസരമാണ് ഓരോ റമദാനും ഒരുക്കുന്നത്. പശ്ചാത്താപത്തിെൻറയും സ്വയം വിചാരണയുടെയും നാളുകൾ. പാപക്കറകൾകൊണ്ട് കറുത്തുപോയ ഹൃദയങ്ങളെ പശ്ചാത്താപത്തിെൻറ കണ്ണീരുകൊണ്ട് കഴുകിത്തുടച്ചു മനസ്സും ശരീരവും സ്ഫടിക സമാനമാക്കാൻ ദൈവം മനുഷ്യർക്ക് കനിഞ്ഞരുളിയ വിശുദ്ധ നാളുകൾ.
ഏറെ പുണ്യമുള്ള മാസത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ വിശ്വാസിക്കും ഹൃദയാഹ്ലാദങ്ങള്‍ സ്വാഭാവികമാണ്. വിശ്വാസികള്‍ ഒത്തുചേര്‍ന്നു ജീവിക്കുമ്പോള്‍ അതിന് ആഘോഷപരതയും കൈവരും. അത്തരം ആഘോഷത്തിെൻറ കേന്ദ്രസ്ഥാനം പള്ളികളാണ്. കഴിഞ്ഞവർഷം മനുഷ്യ ചരിത്രത്തിൽ തന്നെ ആദ്യമായി ലോകത്തെല്ലായിടത്തുമെന്നപോലെ ബഹ്റൈനിലും പള്ളികളുടെ കവാടങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നല്ലോ. എന്നാൽ, ഈ റമദാനിൽ നിയന്ത്രണങ്ങളോടു കൂടി പള്ളികൾ വിശ്വാസികൾക്കുവേണ്ടി ബഹ്റൈനിലും തുറക്കപ്പെടുകയാണ്. സംഘടിത നമസ്കാരങ്ങളും ജുമുഅയും രാത്രി നമസ്കാരങ്ങളും കൊണ്ട് പള്ളികൾ മുഖരിതമാവാൻ പോവുകയാണ്.
ഓരോ വിശ്വാസിയും തെൻറ നാഥെൻറ ചാരത്തേക്ക് കൂടുതൽ അടുക്കുന്ന സന്ദർഭം. നിരവധി സുകൃതങ്ങളിലൂടെ മാലാഖമാരുടെ വിശുദ്ധിയിലേക്ക് ഉയരുകയാണ് ഓരോ മനുഷ്യരും. ആറാം നൂറ്റാണ്ടിലെ പൂതലിച്ച ഗോത്ര സംസ്കാരത്തിലും അതിെൻറ ഇരുട്ടിലും അഭിരമിച്ചിരുന്ന അപരിഷ്കൃത ജനതയെ മഹത്തായ ഒരു ജീവിത പന്ഥാവിലേക്ക് കൈപിടിച്ചാനയിച്ച വിശുദ്ധ വേദഗ്രന്ഥമായ ഖുർആനിെൻറ അവതരണം ആരംഭിച്ച മാസം കൂടിയാണല്ലോ ഇത്. മനുഷ്യപറ്റില്ലാത്ത ആശയങ്ങൾക്കും ആദർശങ്ങൾക്കും മീതെ അരികുവത്കരിക്കപ്പെട്ടവരെയും അശരണരെയും ചേർത്തുപിടിക്കുന്ന ജീവിതഗ്രന്ഥിയായ ഒരു സംസ്കാരത്തിലേക്കും ശൈലിയിലേക്കും പ്രവാചകൻ ആ ജനതയെ വഴി നടത്തിയത് ഈ ഒരു ഗ്രന്ഥത്തിെൻറ പിൻബലത്തിലൂടെയായിരുന്നു.
ഒരശനിപാതം പോലെ കോവിഡ് -19 നമ്മിലേക്കെത്തിയതിനുശേഷമുള്ള രണ്ടാമത്തെ നോമ്പാണിത്. ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ് കോവിഡ് കശക്കിയെറിഞ്ഞത്. അനേകായിരം പ്രവാസികളുടെയും കൂടി ജീവിതങ്ങളാണ് ഇതിനിടയിൽ തകർന്നുടഞ്ഞുപോയത്. നമ്മുടെ കുടുംബത്തിലെയും സുഹൃദ്വലയത്തിലെയും നിരവധിയാളുകൾ ഇതിനകം കോവിഡിന് മുന്നിൽ അടിയറവ് പറഞ്ഞു മരണത്തിലേക്ക് നടന്നുപോയിട്ടുണ്ട്.
അവർക്കുവേണ്ടി അശ്രുകണങ്ങളും പ്രാർഥനകളും അർപ്പിക്കാം. കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ പ്രതിസന്ധികളിലേക്കാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. കോവിഡിെൻറ രണ്ടാം വരവ് കൂടുതൽ മാരകമായിരിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് നമ്മെ പല ജീവിത പാഠങ്ങളും പഠിപ്പിച്ചിട്ടുണ്ട്. അതിൽ പലതും നോമ്പ് പറഞ്ഞുതരുന്ന പാഠങ്ങൾ തന്നെയാണ്. മിതത്വത്തിെൻറയും ലാളിത്യത്തിേൻറതുമായിരിക്കണം റമദാൻ. നമ്മുടെ ഷോപ്പിങ്ങുകൾ ആ അർഥത്തിൽ സൂക്ഷ്മതയോടെയുള്ളതാവട്ടെ.
ഭക്ഷണംകൊണ്ട് ധൂർത്തും പൊങ്ങച്ചവും കാണിക്കുന്ന ജനതയുടെ വേദനജനകമായ പര്യവസാനത്തെ കുറിച്ച് പ്രവാചകൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. നോമ്പ് തുറയുടെ കൊതിയൂറുന്ന വിഭവങ്ങൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിലും വാട്സ്ആപ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നതും സ്റ്റാറ്റസ് ആക്കി വെക്കുന്നതും ഇന്നൊരു ട്രെൻഡും ശീലവുമാണ്. എന്നാൽ, ഒരു നേരത്തേ ഭക്ഷണത്തിന് വകയില്ലാത്ത പതിനായിരക്കണക്കിന് മനുഷ്യർ ജീവിക്കുന്ന ഒരു ലോകത്താണ് നമ്മൾ ഉള്ളതെന്ന് മറന്നുപോവരുത്. ദാരിദ്ര്യവും പട്ടിണിയും നമ്മുടെ ചുറ്റിലുമുണ്ടെന്ന് ഓർത്തുകൊണ്ടായിരിക്കണം നമ്മൾ റമദാനിൽ ജീവിക്കേണ്ടത്. പരക്ഷേമ തൽപരത ശീലമാക്കാനും പ്രവാചകെൻറ സഹജീവി സ്നേഹം മാതൃകയാകാനും നമുക്ക് കഴിയണം.
വിശപ്പിന് മതമോ ജാതിയോ ഇല്ല. തെൻറ ചുറ്റിലും ജീവിക്കുന്ന പച്ചമനുഷ്യരുടെ പ്രയാസത്തിലും ദുഃഖത്തിലും ചേർന്നുനിൽക്കാൻ സാധിക്കാത്തവരെ ദൈവവും ചേർത്തുനിർത്തുകയില്ല. നോമ്പിെൻറ വിശപ്പിലൂടെ ലോകത്ത് പട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യമക്കളോട് നമ്മൾ ഐക്യപ്പെടുകയാണ്.V കാരുണ്യത്തിെൻറയും സഹാനുഭൂതിയുടെയും മാസമായ റമദാനിൽ മറ്റുള്ളവരിലേക്ക് സ്നേഹമായി നമുക്ക് പെയ്തിറങ്ങാൻ സാധിക്കണം. സാന്ത്വനത്തിെൻറ ജീവിത മാതൃകകളാവാൻ നോമ്പ് നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്. ഈ മാസം ഉറങ്ങിത്തീർക്കാനോ അലസമായി സമയം തള്ളിനീക്കാനോ ഉള്ളതുമല്ല. കർമ നൈരന്തര്യത്തിെൻറയും സജീവതയുടെയും മാസം കൂടിയാണിത്. വിശ്വാസികൾക്ക് ഈ ലോകത്തെ ജീവിതം സ്വർഗത്തിലേക്കുള്ള ഒരു വിശുദ്ധ യാത്രയാണ്. റമദാൻ എന്നത് ആ യാത്രയിൽ വിശ്രമിക്കാനും തീർന്നുപോയ പാഥേയം ഒരുക്കാനുമുള്ള ഒരിടത്താവളം ആണ്. സ്വർഗത്തിലേക്കുള്ള യാത്രയിൽ ക്ഷീണമകറ്റി ഊർജവും ഉന്മേഷവും ആർജ്ജിച്ചെടുത്ത് അതിവേഗം മുന്നേറാൻ നമ്മെ സജ്ജമാക്കുന്ന മാസം. ഏവർക്കും റമദാനിെൻറ പുണ്യങ്ങളും നന്മകളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

